കൊല്ലം: കാർ ഡ്രൈവറായ യുവാവിനെ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിലെടുത്ത് കണ്ണിടിച്ച് കലക്കി. മൂവി എഡിറ്റിങ് വിദ്യാർഥിയും ഫ്രീലാന്റ് ഫോട്ടോഗ്രാഫറുമായ തട്ടാമല അന്പാടിയിൽ വി എസ് അഭിഷേകിന്റെ (23) ഇടതുകണ്ണാണ് പുത്തൂർ സിഐ സന്തോഷ് ഇടിച്ചുതകർത്തത്.
കൊല്ലത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സയിലായ അഭിഷേക് സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റൂറൽ എസ്പി എന്നിവർക്ക് പരാതി നൽകി.
വെള്ളി വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. പുത്തൂരിലെ കവിത ട്യൂഷൻ അക്കാദമിയുടെ ആവശ്യത്തിനായി കാറുമായി ഓട്ടം പോയതായിരുന്നു. കാറുടമ കൂടിയായ അഭിഷേക്. പുത്തൂർ കളത്തട്ടുമുക്കിൽ പൊലീസ് കാറിനു കൈകാണിച്ചു.
ഇത് ശ്രദ്ധയിൽപ്പെടാതെ മുന്നോട്ടുപോയ കാർ കുറച്ചകലെ തടത്തിൽമുക്കിൽ നിർത്തി. പിന്തുടർന്നെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയും കാറിലുണ്ടായിരുന്ന അഭിഷേകിന്റെ സുഹൃത്തായ യുവതിയെ സിഐ കൈക്കുപിടിച്ചു വലിച്ച് പുറത്തേക്കിടുകയും ഫോൺ കൈക്കലാക്കുകയുംചെയ്തു. തുടർന്ന് അഭിഷേകിനെ പൊലീസ് ജീപ്പിൽ കയറ്റി പുത്തൂർ–പായിക്കോണം ഇടറോഡിലൂടെ കൊണ്ടുപോയി സിഐ സന്തോഷ് ക്രൂരമായി മർദിച്ചു. മുഖത്തും ചെവിക്കും സിഐ കൈചുരുട്ടി ഇടിച്ചതിനെ തുടർന്ന് ചോരതുപ്പി. തുടർന്നായിരുന്നു കണ്ണിടിച്ചു കലക്കിയത്. സിഐ മർദിക്കുന്നതിനായി അഭിഷേകിന്റെ കൈരണ്ടും പൊലീസ് ഡ്രൈവർ അനീഷ് പിറകോട്ട് പിടിച്ചുവച്ചു. അഭിഷേക് ആവശ്യപ്പെട്ടതുപ്രകാരമാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോയത്.
സിഐ മർദിച്ചത് ഡോക്ടറോട് പറയരുതെന്നും ഇല്ലെങ്കിൽ സിഐ പണിതരുമെന്നും ഇല്ലാത്ത കേസുകളിൽപ്പെടുത്തി കുടുക്കുമെന്നും പൊലീസ് ഡ്രൈവർ അനീഷ് പറഞ്ഞതായും അഭിഷേക് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. കൊച്ചി പാലാരിവട്ടത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന അഭിഷേക് വിദ്യാഭ്യാസവകുപ്പിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ച എം വിജയന്റെയും സിന്ധുവിന്റെയും മകനാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
