സർക്കാർ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചു: അറബ് വനിതയിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷത്തിലേറെ, വീണ്ടെടുത്ത് ദുബായ് പോലീസ്

News Desk
1 Min Read

ദുബായ്: സർക്കാർ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അറബ് വനിതയിൽ നിന്ന് തട്ടിയെടുത്ത 10 ലക്ഷത്തിലേറെ ദിർഹം മണിക്കൂറുകൾക്കകം വീണ്ടെടുത്ത് ദുബായ് പൊലീസ്. തട്ടിപ്പിനിരയായ തുക മുഴുവനായി പൊലീസ് വനിതയ്ക്ക് തിരികെ നൽകി.

വനിത വിദേശത്ത് വിനോദസഞ്ചാരത്തിലായിരുന്ന സമയത്താണ് തട്ടിപ്പുകാരൻ ഇവരെ ഫോണിൽ ബന്ധപ്പെടുന്നത്. ബാങ്ക് അക്കൗണ്ട് സംശയനിഴലിലാണെന്നും താൻ പ്രതിനിധീകരിക്കുന്ന സർക്കാർ കേന്ദ്രത്തിന് അക്കൗണ്ട് പരിശോധിക്കേണ്ടതുണ്ടെന്നും ഇയാൾ വിശ്വസിപ്പിച്ചു. സംഭവം പുറത്തറിയിച്ചാൽ കേസ് സങ്കീർണമാകുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു.

വനിത യുഎഇയിൽ തിരിച്ചെത്തിയ ശേഷം, അക്കൗണ്ട് പരിശോധന പൂർത്തിയാകുന്നതുവരെ പണം താൻ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റാൻ തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. നടപടികൾക്ക് ശേഷം പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് അക്കൗണ്ട് വീണ്ടെടുക്കാൻ ബാങ്കിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അവധിയായതിനാൽ ഒരു ജീവനക്കാരൻ നേരിട്ടെത്തുമെന്ന് അറിയിച്ചു.

മണിക്കൂറുകളോളം കാത്തുനിന്നിട്ടും ആരും എത്താത്തതിനെത്തുടർന്ന് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കിയ വനിത ഉടൻ തന്നെ ദുബായ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലെ ആന്റി സൈബർ ക്രൈം സെന്റർ ഡയറക്ടർ ലഫ്. കേണൽ അലി അൽ യമാഹി പറഞ്ഞു. ചുരുങ്ങിയ സമയത്തിനകം തന്നെ തട്ടിയെടുത്ത മുഴുവൻ തുകയും കണ്ടുകെട്ടാനും വനിതയ്ക്ക് തിരികെ നൽകാനും പൊലീസിനായി.

സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി ബാങ്ക് അക്കൗണ്ട് പരിശോധനയുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. വ്യക്തിഗത-ബാങ്കിങ് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ അപരിചിതർക്ക് കൈമാറരുത്. സംശയാസ്പദമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ 901 എന്ന കോൾ സെന്റർ വഴിയോ, ‘പൊലീസ് ഐ’ സർവീസ് വഴിയോ, ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ ഉടൻ തന്നെ ദുബായ് പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!