സഊദിയിൽ കുടുങ്ങിയത് നാലായിരത്തോളം ഇന്ത്യക്കാർ; അതിവേഗം ഇടപെട്ട് കോൺസുലേറ്റ്

News Desk
2 Min Read

ജിദ്ദ: വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് സൗദിയിൽ കുടുങ്ങിയ ഉംറ തീർഥാടകർക്ക് ഭക്ഷണം, മരുന്ന്, താമസം എന്നിവ ലഭ്യമാക്കാൻ ഇടപെട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. യാത്ര മുടങ്ങിയവരുടെ വീസ കാലാവധി,മടക്കയാത്ര, ടിക്കറ്റ് റീഫണ്ട് തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സൗദി അധികൃതരുമായും ഇന്ത്യൻ വിമാനക്കമ്പനികളുമായും ചർച്ച തുടരുകയാണെന്ന് കോൺസുലേറ്റ് അറിയിച്ചു.

ജിദ്ദയിലും മക്കയിലുമുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വഴിയാണ് സഹായം ലഭ്യമാക്കുന്നത്. താമസമോ മറ്റ് സേവനങ്ങളോ സംബന്ധിച്ച് ബുദ്ധിമുട്ട് നേരിടുന്ന തീർഥാടകർക്ക് സൗദി ഹജ്-ഉംറ മന്ത്രാലയത്തിന്റെ പിൽഗ്രിം കെയർ സെന്ററിന്റെ 1966 എന്ന നമ്പറിൽ പരാതിപ്പെട്ട് കേസ് റഫറൻസ് നമ്പർ നേടാം. ഉംറ സേവനദാതാക്കളുമായും ബന്ധം തുടരണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു. ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളുമായി ഉംറ ടൂർ ഓപ്പറേറ്റർമാരെ ബന്ധിപ്പിച്ച് ബദൽ യാത്രാസംവിധാനങ്ങൾ ഒരുക്കാനും കോൺസുലേറ്റ് ശ്രമിക്കുന്നുണ്ട്.

‌സീറ്റ് ലഭ്യത, നിരക്ക്, വിമാനക്കമ്പനികളുടെ നിബന്ധനകൾ എന്നിവയ്ക്ക് വിധേയമായിരിക്കും ഈ ക്രമീകരണങ്ങൾ. ടിക്കറ്റ് മാറ്റം, റീഫണ്ട്, ബദൽ യാത്ര എന്നിവയ്ക്കായി യാത്രക്കാർ വിമാനക്കമ്പനികളുമായും ട്രാവൽ ഏജന്റുമാരുമായും ഉംറ സേവനദാതാക്കളുമായും ബന്ധപ്പെടണം.ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികൃതരുമായും വിമാനക്കമ്പനികളുമായും ഏകോപനം തുടരുകയാണ്.

∙ സൗദിയിൽ കുടുങ്ങിയ 4,000 ഉംറ തീർഥാടകരിൽ 3,000 പേർ മടങ്ങി

മക്ക/മദീന∙ വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ സൗദിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ നാലായിരത്തോളം ഇന്ത്യൻ ഉംറ തീർഥാടകരിൽ 3,000 പേരെ നാട്ടിലെത്തിച്ചു. ശേഷിക്കുന്നവരെ സീറ്റുകളുടെ ലഭ്യതയനുസരിച്ചു തിരിച്ചയയ്ക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും ഊർജിതമാക്കി.

സൗദിയ, ഗൾഫ് എയർ, ഒമാൻ എയർ, സലാം എയർ തുടങ്ങിയ വിമാനക്കമ്പനികളുടെ കണക്‌ഷൻ സർവീസുകളിലാണു മടക്കയാത്ര. ഏജൻസികൾ മുഖേന 15 ദിവസത്തെ ഉംറ പാക്കേജിലെത്തിയവരാണു വിമാന സർവീസ് താറുമാറായതോടെ കുടുങ്ങിയത്. ചില ഏജൻസികൾ സ്വന്തം നിലയിൽ ടിക്കറ്റെടുത്തു മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത മടക്കയാത്രാ ടിക്കറ്റിന്റെ തുക തിരിച്ചുനൽകാമെന്നും അറിയിച്ചിട്ടുണ്ട്.

ഉംറ വീസയ്ക്കു മൂന്നുമാസത്തെ കാലാവധിയുള്ളതിനാൽ കൂടുതൽ ദിവസം തങ്ങുന്നതിനു പിഴ നൽകേണ്ടിവരില്ല. വീസ കാലാവധി കഴിഞ്ഞിട്ടും മടങ്ങാനാകാത്തവർക്കും പിഴയില്ലാതെ മടങ്ങാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.

ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കു റോഡ് മാർഗം എത്തി അവിടെനിന്നു നാട്ടിലേക്കു മടങ്ങുന്നവരുമുണ്ട്. തീർഥാടകർക്കു ഭക്ഷണം ഏജൻസികൾ നൽകുന്നുണ്ട്. മരുന്നുകൾ കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ എത്തിക്കുന്നതായി മക്ക കെഎംസിസി സെക്രട്ടറി മുജീബ് പൂക്കോട്ടൂർ പറഞ്ഞു. സഹായത്തിന് +96650 2336683 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ് ലൈൻ +96655 3646966.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!