മകളെ ലൈംഗികാതിക്രമത്തിനിരയാക്കി; രണ്ടാം ഭർത്താവിനെ കൊന്ന് റെയിൽവേട്രാക്കിൽ തള്ളി യുവതി

News Desk
1 Min Read

കൊച്ചി: എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇയാളുടെ ഭാര്യയായ നാൽപ്പതുകാരിയെയും അവരുടെ ആദ്യ ഭർത്താവിലുള്ള മകളായ പതിനാറുകാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ കിടക്കുന്നുവെന്ന വിവരം തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് റെയിൽവേയിലും പൊലീസിലും അറിയിച്ചത്. ഇതേത്തുടർന്ന് യുവാവ് കിടന്ന ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിച്ചു. 

തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. സമീപത്ത് മദ്യക്കുപ്പിയും ഗ്ലാസും മറ്റും കണ്ടതിനാൽ മദ്യപിച്ച് വീണപ്പോൾ ഹൃദയ സ്തംഭനമുണ്ടായതോ ജീവനൊടുക്കിയതോ ആകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മൃതദേഹത്തിന്റെ കിടപ്പിൽ സംശയം തോന്നിയ പൊലീസ് കൊലപാതക സാധ്യതയും കണക്കിലെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തിൽ, മരിച്ചയാൾ കുടുംബത്തിനൊപ്പം റെയിൽവേ ട്രാക്കിന് സമീപത്താണ് താമസിച്ചിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ രാത്രി വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയെയും മകളെയും രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോൾ കണ്ടില്ല. തുടർന്ന് ഒഡിഷയിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. തുടർന്ന് ഇവരുടെ ഒരു ബന്ധുവിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇവർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. തന്നേക്കാൾ 10 വയസിന് ഇളയതായ യുവാവിനൊപ്പം ആദ്യ ഭർത്താവിലുണ്ടായ കുട്ടിയുമായി കേരളത്തിലേക്ക് നാടുവിടുകയായിരുന്നു പ്രതിയായ യുവതി. തന്റെ മകളെ രണ്ടാം ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചതോടെ മകൾ മാനസികമായി തകർന്നെന്നും ഇതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി പൊലീസിന് മൊഴി നൽകി. മദ്യപിച്ച് അവശനായി കിടന്ന യുവാവിനെ കഴുത്തും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ട്രാക്കിൽ കൊണ്ട് ഇടുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!