വയറുവേദനയെത്തുടർന്ന് ചികിത്സ തേടി; പതിനഞ്ചുകാരി പ്രസവിച്ചു: ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയെന്ന് മൊഴി

News Desk
1 Min Read

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തിൽ പ്രതിയായ നൂഹ് സ്വദേശിയായ 22കാരനായി അന്വേഷണം ഊർജിതമാക്കിയതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

കടുത്ത വയറുവേദനയെത്തുടർന്ന് സോഹ്നയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാകുന്നത്. അതുവരെ വീട്ടുകാർക്കോ പെൺകുട്ടിക്കോ ഇക്കാര്യം അറിയുമായിരുന്നില്ല.

തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് നടത്തിയ കൗൺസിലിങ്ങിലാണ് ഒന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തി പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത വിവരം കുട്ടി വെളിപ്പെടുത്തിയത്. ഭയം കാരണം ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞില്ല.

പിന്നീട് പെട്ടെന്ന് ഇയാൾ പെൺകുട്ടിയുമായുള്ള ആശയവിനിമയം നിർത്തി. ഇതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടി ഇയാളെത്തേടി വീടുവിട്ടുപോയി. എന്നാൽ ഇക്കാര്യം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി തിരികെ വീട്ടിലെത്തുന്നത്. തീരെ അവശയായതോടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടിയുടെയും നവജാതശിശുവിന്റെയും ആരോഗ്യനില മെച്ചപ്പെട്ടെന്നും വീട്ടുകാരുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്തെടുക്കുന്നതിനായി എൻജിഒയ്ക്കു നൽകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!