നാട്ടിൽ നിന്ന് വരുന്നതിനിടെ സഊദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

malayalampress
2 Min Read

ജിദ്ദ: അവധി കഴിഞ്ഞ് സഊദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. രാജ്യത്ത് നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെ തുടർന്ന് പോലീസ് ജിദ്ദ വിമാനത്താവളത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കുകയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഇപ്പോൾ മോചിതയായിരിക്കുന്നത്.

സുൽത്താൻ ബത്തേരിയിലെ അയ്യന്‍കൊല്ലി സ്വദേശിയായ ഫിലോമിനയെ ആണ് കാണാതായിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ അധികമായി ഫിലോമിന റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 40 ദിവസത്തെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ 33കാരി.

രവി-സെല്‍വി ദമ്പതികളുടെ മകളാണ് ഫിലോമിന. ബെംഗളൂരു വഴിയാണ് സഊദിയിലേക്ക് പോയത്. റിയാദിലാണ് ജോലി എങ്കിലും അവര്‍ വിമാനം കയറിയത് ജിദ്ദയിലേക്കാണ്. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ റിയാദിലേക്ക് പോകേണ്ടതായിരുന്നു. ജിദ്ദയില്‍ ഇറങ്ങിയ ശേഷം കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ചില പ്രശ്‌നങ്ങളുള്ളതായി കുടുംബത്തെ അറിയിക്കുകയും ചെയ്തു.

ഈ മാസം പത്തിനാണ് ഫിലോമിന ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പോയത്. തന്നോട് ഒരു മുറിയിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ ചില കടലാസില്‍ ഒപ്പുവെപ്പിച്ചു എന്നും പാസ്‌പോര്‍ട്ട് വാങ്ങിയെന്നും ഫിലോമിന കുടുംബത്തെ അറിയിച്ചിരുന്നു. എന്താണ് കാരണം എന്ന് അവര്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലത്രെ. സാധനങ്ങളും ബാഗും കൊണ്ടുപോകാന്‍ മറ്റാരോടെങ്കിലും ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചെന്ന് ഫിലോമിന കുടുംബത്തെ അറിയിച്ചു.

ഫോണില്‍ സംസാരിക്കുന്നത് കണ്ട് ഫോണ്‍ ഉദ്യോഗസ്ഥര്‍ വാങ്ങി എന്നാണ് കുടുംബം പറയുന്നത്. ഇതെല്ലാം നടന്നത് കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സധിക്കാതെ വന്നതോടെ കുടുംബം നോര്‍ക്ക, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും കുടുംബം അറിയിച്ചിരുന്നു.

റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. പരിശോധനയിൽ കസ്റ്റഡിയിലായ ഇവർക്കെതിരെയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അധികൃതർ ഫിലോമിനയെ മോചിപ്പിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!