മുംബൈ: സഹപാഠിയായ 16 വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് യുട്യൂബ് വിഡിയോകൾ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ച 18 വയസ്സുകാരൻ മഹാരാഷ്ട്രയിലെ നാഗ്പുരിൽ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നാഗ്പുരിൽ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വർഷം യുവാവിന്റെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവാഹവാഗ്ദാനം നൽകി ഇയാൾ പീഡനം തുടരുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ, അടിയന്തരമായി വൈദ്യസഹായം തേടുന്നതിനു പകരം ഗർഭച്ഛിദ്രം നടത്താനുള്ള വഴികൾ ഇയാൾ യുട്യൂബിൽ തിരഞ്ഞു. യുട്യൂബ് ട്യൂട്ടോറിയലുകൾ നോക്കി ഇയാൾ ഒരു പച്ചമരുന്ന് മിശ്രിതം തയാറാക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടിക്ക് പ്രസവവേദന അനുഭവപ്പെടുന്നത് വരെയുള്ള ആഴ്ചകളിൽ ഈ പച്ചമരുന്ന് മിശ്രിതവും മറ്റ് ഗർഭച്ഛിദ്ര ഗുളികകളും പെൺകുട്ടിയെക്കൊണ്ട് ഇയാൾ നിർബന്ധിതമായി കഴിപ്പിച്ചു. എന്നാൽ ഗർഭധാരണം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരുന്നതിനാൽ ഈ ഗർഭച്ഛിദ്ര ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളാകുകയും വീട്ടിൽ വച്ച് ഒരു കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
