വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രവാസ ലോകത്തേക്ക് കടന്ന കാമുകനെ നിയമവഴിയിൽ കുടുക്കി അഭിഭാഷകകൂടിയായ യുവതി

malayalampress
2 Min Read

കോട്ടയം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ജർമനിയിലേക്കു കടന്ന കാമുകനെ നിയമവഴിയിൽ കുടുക്കി യുവ അഭിഭാഷക. മുതിർന്ന അഭിഭാഷകൻ മുഖേന പ്രതി നാട്ടിലെത്തി ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും യുവ അഭിഭാഷക അതിനെതിരെ വാദമുയർത്തി ജയിക്കുകയായിരുന്നു. കേസിൽ പുതുപ്പള്ളി മാങ്ങാനം പത്മവിലാസത്തിൽ ഉണ്ണിക്കൃഷ്ണനെ (29) വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ ജാമ്യത്തിലാണ്.

സംഭവത്തെക്കുറിച്ച് അഭിഭാഷക പറയുന്നതിങ്ങനെ: 2023ൽ ആണ് സമൂഹമാധ്യമം വഴി ഇരുവരും പരിചയപ്പെടുന്നത്. താൻ വിധവയാണെന്നും കുട്ടിയുണ്ടെന്നും യുവതി അറിയിച്ചെങ്കിലും വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ഉണ്ണിക്കൃഷ്ണൻ വലയിലാക്കി. വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെ ബന്ധം മുന്നോട്ടുപോകുന്നതിനിടെ, 2024 ഒക്ടോബറിൽ ഉപരിപഠനത്തിനായി ഉണ്ണിക്കൃഷ്ണൻ ജർമനിയിലേക്കു പോയി.

യാത്രതിരിക്കും മുൻപ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് വഴിത്തിരിവായത്. ഇതു കണ്ട് മറ്റൊരു യുവതി വിളിച്ച് ഉണ്ണിക്കൃഷ്ണനുമായുള്ള ബന്ധം വെളിപ്പെടുത്തി. ചതി മനസ്സിലായി ചോദ്യം ചെയ്ത യുവതിയോട് പ്രതി മോശമായി പെരുമാറി.

തുടർന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തതും പ്രതിക്കെതിരെ ‘ബ്ലൂ കോർണർ നോട്ടിസ്’ പുറപ്പെടുവിച്ചതും. ബ്ലൂ കോർണർ നോട്ടിസ് വന്നതോടെ നാട്ടിലേക്ക് എത്താൻ ഉണ്ണിക്കൃഷ്ണൻ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. സംസ്ഥാനത്തെ പ്രമുഖ കേസുകളിൽ ഹാജരാകാറുള്ള സീനിയർ അഭിഭാഷകനാണ് പ്രതിക്കായി രംഗത്തിറങ്ങിയത്. യുവതിക്കൊപ്പം നിന്ന അഭിഭാഷക സുഹൃത്തുക്കൾ പോലും എതിർഭാഗത്തിന്റെ പ്രതാപം കണ്ട് പിന്മാറി.

എന്നാൽ പതറാതെ യുവ അഭിഭാഷക നേരിട്ട് ഹൈക്കോടതിയിലെത്തി കാര്യങ്ങൾ അക്കമിട്ടു നിരത്തി. പ്രതിഭാഗം അറസ്റ്റിന് തയാറാണെന്ന് അറിയിച്ചു. ബ്ലൂ കോർണർ നോട്ടിസ് മരവിപ്പിച്ച ഹൈക്കോടതി ഉണ്ണിക്കൃഷ്ണനോട് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകാൻ ഉത്തരവിട്ടു.

ഹൈക്കോടതി നിർദേശപ്രകാരം നാട്ടിലെത്തി കീഴടങ്ങിയ പ്രതിയെ വെസ്റ്റ് പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്കു മുന്നിൽ ഹാജരാക്കി. ഇവിടെ പ്രതിക്കായി സീനിയർ വക്കീൽ ജാമ്യാപേക്ഷയുമായി എത്തി. എന്നാൽ തെളിവുകളടങ്ങിയ രേഖകളുമായി യുവതി വീണ്ടും നേരിട്ടെത്തി എതിർത്തു.

മൂന്നു മണിക്കൂറോളം രേഖകൾ വിശദമായി പരിശോധിച്ച കോടതി ഉണ്ണിക്കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി റിമാൻഡ് ചെയ്യുകയായിരുന്നു. ഒരു സോറി പറയുന്നതിനു പകരം മോശമായി സംസാരിച്ചതുകൊണ്ടു മാത്രമാണ് പോരാട്ടം നടത്തേണ്ടി വന്നതെന്നും അഭിഭാഷക പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!