‘ഇറാനുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിക്കും, എണ്ണ വില കുറയും’: തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ്

News Desk
1 Min Read

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം യുഎസ് ഏറ്റെടുത്തതായി പറഞ്ഞ ട്രംപ്, ഇറാനിയൻ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം തകർക്കപ്പെട്ടതായും അവകാശപ്പെട്ടു. ഇറാൻ നേതൃനിരയുടെ പ്രധാന തലവന്മാരും രണ്ടാം നിരയും മൂന്നാം നിര നേതാക്കളും തുടച്ചുനീക്കപ്പെട്ടു, കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ അവരോട് വാഗ്ദാനം ചെയ്തു- അദ്ദേഹം പറഞ്ഞു.

അതേസമയം സംഘർഷം പെട്രോൾ-ഡീസൽ വില വർദ്ധനവിന് കാരണമായെന്ന് ട്രംപ് സമ്മതിച്ചു. വില ഇത്രയധികം ഉയരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും എന്നാൽ യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഇന്ധനവില പെട്ടെന്ന് തന്നെ താഴേക്ക് വരുമെന്ന് അദ്ദേഹം പ്രവചിച്ചു. അതേസമയം റാലിക്കിടെ നടത്തിയ പരാമർശങ്ങൾ ഇറാനുമായുള്ള സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്. എങ്കിലും, യുദ്ധം അവസാനിക്കുന്നതോടെ വിപണി സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് ട്രംപ് പങ്കുവെച്ചത്.

അതേസമയം ഹോർമുസിന് പുറമെ ബാബുൽ മന്ദബിലും സംഘർഷം രൂക്ഷമായതോടെ എണ്ണവില ഉയരുന്ന പ്രവണത ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി. ഇറാന്റെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുമ്പ് ആക്രമണം വേണ്ടെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

ഇറാൻ വിഷയത്തിൽ യുക്തമായ തീരുമാനം ഉചിത സമയത്ത് ട്രംപ് കൈക്കൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ 40 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ കൂടുതൽ ആധുനിക ആയുധങ്ങൾ സ്വന്തമാക്കിയതായി ഐആര്‍ജിസി വക്താവ് ഹൊസൈൻ മൊഹെബ്ബി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!