സനാ: യെമനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവന്‍ മേഖലകളും തിരിച്ചുപിടിക്കാന്‍ സഊദി അറേബ്യയുടെ പിന്തുണയോടെ യെമന്‍ ഭരണകൂടം സൈനിക നടപടി ആരംഭിച്ചു.
സൈനിക നീക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സഊദി സഖ്യസേന കഴിഞ്ഞ മണിക്കൂറുകളില്‍ 50 ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂതികള്‍ ആരോപിച്ചു. ഇതിന് പ്രതികാരമായി റിയാദിലുള്ള സഊദി അരാംകോയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു.
ഹൂതികളുടെ പിടിയില്‍ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുംവരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യെമനി പ്രസിഡന്റ് റഷാദ് അല്‍ അലിമി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഹൂതികള്‍ ആയുധം താഴെവെക്കണമെന്ന ആഹ്വാനവുമായി സൈനിക വക്താവും രംഗത്തെത്തി. ആയുധം വെച്ചു കീഴടങ്ങുന്ന ഹൂതികള്‍ക്ക് പൊതുമാപ്പ് നല്‍കുമെന്നും റഷാദ് അല്‍ അലിമി പ്രഖ്യാപിച്ചു.
സമാധാനത്തിനുള്ള എല്ലാ സാധ്യതകളും ഹൂതികള്‍ ഇല്ലാതാക്കിയ സാഹചര്യത്തിലാണ് അന്തിമ തീരുമാനമെന്നാണ് പ്രസിഡന്റ് റഷാദ് അല്‍ അലിമിയുടെ വിശദീകരണം. ഹൂതികളുടെ സൈനിക താവളങ്ങളില്‍ നിന്നും വിതരണ പാതകളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് പ്രസിഡന്റ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി, രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായി വീണ്ടെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2014 മുതല്‍ രാജ്യതലസ്ഥാനമായ സനാ അടക്കം വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ ജനവാസമേഖലകളെല്ലാം ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ സഹായത്തോടെ ആയുധശേഖരം ആധുനികവത്കരിച്ച ഹൂതികള്‍ കഴിഞ്ഞ മാസങ്ങളില്‍ യെമനില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അല്‍ മന്ദബ് കടലിടുക്കും അതിനോട് ചേര്‍ന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടല്‍ തീരപ്രദേശവും ഹൂതികള്‍ പിടിച്ചെടുത്തത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്കും യെമന്‍ സര്‍ക്കാറിനും കനത്ത തിരിച്ചടിയായിരുന്നു.
യെമന്റെ താല്‍ക്കാലിക തലസ്ഥാനമായ അദനെയും തന്ത്രപ്രധാന നഗരമായ തായിസിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിതരണ പാത കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ കീഴടക്കിയിരുന്നു. ഇതോടെ തായിസ് നഗരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഒറ്റപ്പെടുകയും ഹൂതികളുടെ ഉപരോധത്തിലാവുകയും ചെയ്തു. ഈ അടിയന്തര സാഹചര്യമാണ് പുതിയ സൈനിക പ്രഖ്യാപനത്തിലേക്ക് നയിച്ചത്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
