റിയാദ്: നിരത്തുകളിലൂടെ ചീറിപ്പായുന്ന ആംബുലൻസുകളുടെ തൊട്ടുപിന്നാലെ വാഹനങ്ങൾ പിന്തുടരുന്ന പ്രവണത വൻ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുമെന്ന് സൗദി റെഡ് ക്രസന്റ് അതോറിറ്റി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഇത് ഇപ്പോഴും വലിയൊരു ഭീഷണിയായി തുടരുകയാണ്.
അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് വേഗത കൂട്ടാനോ കുറയ്ക്കാനോ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് റെഡ് ക്രസന്റ് അതോറിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് അൽ ഹജ്ജാജ് പറയുന്നു. അതിനാൽ തന്നെ തൊട്ടുപിന്നാലെ അമിതവേഗതയിൽ വരുന്ന മറ്റ് വാഹനങ്ങൾ പെട്ടെന്ന് അപകടത്തിൽപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ പ്രവണത സൗദി അറേബ്യയിൽ മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിലും കണ്ടുവരുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ആംബുലൻസുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രദർശിപ്പിച്ചും ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തിയും ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റെഡ് ക്രസന്റ് കൂട്ടിച്ചേർത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
