“ജീവനക്കാർ ആരോഗ്യ സർട്ടിഫിക്കറ്റ് നേടിയിരിക്കണം”: സഊദിയിൽ ഐസ്‌ക്രീം കടകൾക്ക് പുതിയ നിബന്ധനകൾ

News Desk
1 Min Read

റിയാദ്: സഊദിയിൽ ഐസ്‌ക്രീം കടകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ നിബന്ധനകൾ പുറത്തിറക്കി മുനിസിപ്പാലിറ്റി ഭവന നിർമാണ മന്ത്രാലയം.

ഐസ്‌ക്രീം ഉൽപ്പന്നങ്ങളുടെ സംഭരണം, തയ്യാറാക്കൽ, വിതരണം വരെയുള്ള ഓരോ ഘട്ടത്തിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പുതിയ നിബന്ധനകളിൽ വിശദീകരിച്ചിട്ടുണ്ട്. ഉചിതമായ താപനില നിലനിർത്തുക, ഉൽപന്നത്തിൽ അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ വ്യക്തമാക്കുക, ശുചീകരണവും അണുനശീകരണവും കൃത്യമായി നടപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കടകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ, സ്ഥലം, കെട്ടിട സൗകര്യങ്ങൾ എന്നിവയും മന്ത്രാലയം നിർവചിച്ചിട്ടുണ്ട്. സൗദി ബിൽഡിങ് കോഡ്, എല്ലാവർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയും പാലിക്കണം. കടയുടെ മുൻവശം, വ്യാപാര ബോർഡുകൾ തുടങ്ങിയവയും മന്ത്രാലയത്തിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സജ്ജീകരിക്കേണ്ടത്.

സ്ഥാപനത്തിന്റെ പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവക്കായി കൃത്യമായ പ്രവർത്തന മാർ​ഗരേഖയും ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയ്ക്കായി വേസ്റ്റ് മാനേജ്‌മെന്റ് പ്ലാനും തയാറാക്കണം. ഉൽപ്പന്നങ്ങൾ തയ്യാറാക്കാനും സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുകയും വേണം.

ജീവനക്കാർ ആരോഗ്യ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടാതെ, വ്യക്തിശുചിത്വം പാലിക്കുകയും സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുകയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ഇതിന് പുറമെ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഒരുക്കണമെന്നും ഏകീകൃത ഇലക്ട്രോണിക് ക്യുആർ കോഡ് ഉപയോഗിക്കണമെന്നും പുതിയ നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!