ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു; മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

News Desk
1 Min Read

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്ന പരാതിയുമായി കുടുംബം. ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണത്തിലാണ് കുടുംബം ഗാന്ധിനഗര്‍ പോലീസിലും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയത്. കഴിഞ്ഞ മാസം 17നാണ് ഹസീനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

ശസ്ത്രക്രിയയ്ക്കുശേഷം മുറിവില്‍ അണുബാധ ഉണ്ടാകുകയും ഇത് ചികിത്സിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

മുറിവിലെ അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 26ന് ഹസീനയെ വീണ്ടും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഹസീന ഇന്നലെ രാവിലെയാണ് മരിച്ചത്. മുറിവിലൂടെ പഴുപ്പും രക്തവും വരുന്നുണ്ടെന്ന് പല പ്രാവശ്യം അധികൃതരെ അറിയിച്ചിട്ടും വേണ്ട രീതിയിലുള്ള പരിശോധനയോ ചികിത്സയോ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

അതേസമയം, കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ പൂര്‍ണമായും തള്ളി. രോഗിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അണുബാധ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച പരിചരണവും ചികിത്സയുമാണ് നല്‍കിയതെന്നുമാണ് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം.

കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സപ്പിഴവ് സംബന്ധിച്ച് ആരോഗ്യവകുപ്പിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. നിലവില്‍ പോലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി ലഭിക്കുന്ന മുറയ്ക്ക് സംഭവത്തില്‍ അന്വേഷണം നടത്തും. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!