വാഷിങ്ടൻ: അമേരിക്കൻ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളുമായി യുഎസ് ഭരണകൂടം മുന്നോട്ട്. രാജ്യത്ത് പ്രവേശിച്ചതിന് ശേഷമുള്ള വീസ ഉടമകളുടെ പ്രവർത്തന ങ്ങളും പശ്ചാത്തലവും കർശനമായി നിരീക്ഷിച്ചുവരികയായിരുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ഇതുവരെ രണ്ടര ലക്ഷത്തിലധികം വീസകൾ റദ്ദാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ഈ കൂട്ടനടപടി അമേരിക്കൻ ഇമിഗ്രേഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും നേതൃത്വത്തിലാണ് ഈ സുപ്രധാന നടപടി വന്നിരിക്കുന്നത്.
വീസ അനുവദിച്ചതിന് ശേഷം വിദേശ പൗരന്മാരുടെ നീക്കങ്ങളും നിയമവിധേയത്വവും നിരന്തരം പരിശോധിക്കുന്ന ‘കണ്ടിന്യൂവസ് വെറ്റിങ്’ സംവിധാനമാണ് ഈ വിപുലമായ നടപടിക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഓരോ വീസ തീരുമാനവും രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും, അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനായി ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീസ എന്നത് ജന്മനാ ലഭിക്കുന്ന അവകാശമല്ലെന്നും മറിച്ച് കർശനമായ നിബന്ധനകൾക്ക് വിധേയമായ ഒരു പദവി മാത്രമാണെന്നും ഭരണകൂടം ഓർമിപ്പിക്കുന്നു.
റദ്ദാക്കപ്പെട്ട വീസകളിൽ ഭൂരിഭാഗവും ക്രിമിനൽ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഉൾപ്പെട്ടവരുടേതാണ്. ആക്രമണങ്ങൾ, മദ്യപിച്ചുള്ള വാഹനം ഓടിക്കൽ, മോഷണം, ലഹരിമരുന്ന് കേസുകൾ, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും നിയമപാലകരുമായി നിയമവ്യവഹാരങ്ങളിൽ അകപ്പെടുകയും ചെയ്ത നിരവധി വിദേശികളുടെ വീസകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമെ, അമേരിക്കൻ പൗരത്വം മാത്രം ലക്ഷ്യമിട്ട് പ്രസവത്തിനായി മാത്രം രാജ്യത്തേക്ക് പ്രവേശിക്കുന്ന ‘ ബെർത്ത് ടൂറിസം’ ശൃംഖലകൾക്കും കനത്ത പ്രഹരമാണ് ഏറ്റിട്ടുള്ളത്. ഈ വിഭാഗത്തിൽ മാത്രം 2,300-ഓളം വീസകൾ ഇതിനകം റദ്ദാക്കിക്കഴിഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
