സഊദിയിലേക്ക് വീണ്ടും ഹൂതികളുടെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ; കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു

malayalampress
1 Min Read

റിയാദ്: സഊദിക്ക് നേരെ വീണ്ടും മിസൈൽ ഡ്രോൺ ആക്രണം. ഖമീസ് മുശയ്ത്, ജിസാൻ നഗരങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇവ തടയുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ചു നാശനഷ്ടങ്ങളും ഉണ്ടായതായും സഊദി സഖ്യ സേന വക്താവ് അറിയിച്ചു. ഇന്നാണ് ആക്രമണം നടന്നത്.

യമനിലെ ഹൂതി സേന വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടയുന്നതിനിടെ അവശിഷ്ടങ്ങൾ ജനവാസമേഖലകളിൽ പതിച്ച സംഭവത്തിൽ ഖമിസ് മുഷൈത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് വിഭാഗം നടപടികൾ സ്വീകരിച്ചതായി ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. ഈ സംഭവത്തിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

ഖമിസ് മുഷൈത്, ജസാൻ എന്നീ നഗരങ്ങളിൽ വെച്ച് രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഖമിസ് മുഷൈത് നഗരത്തിൽ വെച്ച് നാല് ഡ്രോണുകളുമാണ് സഖ്യസേന തടഞ്ഞു വെച്ച് നശിപ്പിച്ചത്. യമനിലെ ഹൂതി ഭീകരവാദ സംഘത്തെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ തുടർന്നും സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മേജർ ജനറൽ അൽ മാലിക്കി പറഞ്ഞു.

മദീനയിലും ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായി സഖ്യസേന ഇന്ന് വെളിപ്പെടുത്തിയിരുന്നു. മദീനയിൽ പ്രവാചക മസ്ജിദിലേക്ക് (മസ്ജിദുന്നബവി) വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രത്തിന് നേരെയാണ് ഹൂത്തി മിലിഷ്യ ഡ്രോൺ ആക്രമണം നടത്തിയത്.

അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 5:11-ഓടെ മദീനയിലെ തൈ്വബ ത്വയ്‌ബ വൈദ്യുതി വിതരണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ തെളിവുകളും വിശകലനം ചെയ്തതിൽ നിന്നാണ് ആക്രമണത്തിന് പിന്നിൽ ഹൂത്തി മിലിഷ്യയാണെന്ന് സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഒരു ട്രാൻസ്‌ഫോർമർ പ്രവർത്തനരഹിതമായെങ്കിലും വൈദ്യുതി വിതരണ ശൃംഖലയെ ബാധിച്ചില്ലെന്നും വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

മക്ക, മദീന എന്നീ പുണ്യനഗരങ്ങളെയും ഇരുഹറമുകളെയും ലക്ഷ്യമിട്ട് മുസ്‌ലിം ലോകത്തെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സിവിലിയൻ സൗകര്യത്തിന് നേരെയുള്ള ഈ ആക്രമണമെന്നും ഇരുഹറമുകളുടെയും സംരക്ഷണവും തീർത്ഥാടകരുടെ സുരക്ഷയും ഉറപ്പാക്കാൻ ശക്തമായ പ്രതിരോധ നടപടികൾ തുടരുമെന്നും സഖ്യസേനാ വക്താവ് വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!