കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ്

News Desk
1 Min Read

കണ്ണൂര്‍: കണ്ണൂരില്‍ മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്തുവെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കല്ലുകൊണ്ടും, കൈകൊണ്ടും വാഹനത്തിന് ഇടിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.

ആക്രമണത്തിന് ശേഷം മന്ത്രി ഈ വാഹനത്തില്‍ തന്നെയാണ് യാത്ര തുടര്‍ന്നത്. ഇതിന് പിന്നാലെ പയ്യന്നൂരില്‍ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയും ഉണ്ടായി.

ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വി പി അബ്ദുള്‍ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഒളിപ്പോരാളികളെ പോലെയാണ് ആക്രമണം നടത്തിയതെന്നും കൊല്ലെടാ ജനിഷിനെ എന്ന് പ്രതിഷേധക്കാര്‍ ആക്രോശിച്ചുവെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

അതേസമയം, മന്ത്രി ഒജെ ജനീഷിന്റെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചു. മന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും അധികമായി പോലീസിനെ വിന്യസിക്കും. പൊതു പരിപാടികളില്‍ പ്രതിഷേധത്തിന് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഓഫീസിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി മന്ത്രി കെ എം ഷാജിയുടെ വാഹനം യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തിരുവനന്തപുരം വാന്റോഡ് പരിസരത്തായിരുന്നു സംഭവം. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറി യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാല്‍നടയായി പോവുകയായിരുന്നു. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!