പട്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തി. ഒരു കോടിയോളം പണം, ആഭരണങ്ങൾ, ആഡംബര വാച്ചുകളുടെ വലിയ ശേഖരം, കണക്കിൽപെടാത്ത സ്വത്തുക്കളുമാണ് വിജിലൻസ് കണ്ടെത്തിയത്.
പട്നയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേട്ട് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകറിന്റെയും, ദാനാപ്പൂരിലെ ജില്ലാ സബ്-രജിസ്‌ട്രാറായ അദ്ദേഹത്തിന്റെ ഭാര്യ കുമാരി സ്വീറ്റിയുടെയും വസതിയിലാണ് റെയ്ഡ് നടന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയ്ക്ക് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ബിഹാറിലെ വിജിലൻസ് സംഘം ദമ്പതികൾ ഇപ്പോൾ താമസിക്കുന്ന പട്നയിലെ വീട്ടിലും ഇവരുടെ ബെഗുസരായിയിലെ മറ്റൊരു വീട്ടിലും ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. 48 ആഡംബര വാച്ചുകളാണ് റെയ്ഡിൽ കണ്ടെത്തിയത്.
വിജിലൻസ് ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലൻസിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തു വന്നാലേ പിടിച്ചെടുത്ത വ്സതുക്കളുടെ യഥാർഥ മൂല്യം അറിയാൻ സാധിക്കു. പട്നയിൽ രവീന്ദ്ര കുമാർ ദിവാകറിന്റേയും അദ്ദേഹത്തിന്റെ ഭാര്യയുടെയും പേരിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്. കൂടാതെ 1.28 കോടി രൂപ വിലമതിക്കുന്ന സ്ഥലങ്ങൾ പട്നയിൽ വാങ്ങി. ഇത് ഭാര്യയുടേയും ദിവാകറിന്റെ അച്ഛന്റേയും പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
