‘ജനമനസില്‍ രൂപപ്പെട്ട പ്രതിച്ഛായയെ കുറിച്ച് UDF ആത്മപരിശോധന നടത്തണം’; സര്‍ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

News Desk
1 Min Read

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം സുപ്രഭാതം എഡിറ്റോറിയല്‍. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ കനത്ത ക്ഷീണത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ മുന്നറിയിപ്പ്.

ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ജനമനസില്‍ രൂപപ്പെട്ട പ്രതിച്ഛായയെ കുറിച്ച് യുഡിഎഫ് ആത്മപരിശോധന നടത്തണമെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു എന്നുമാത്രമല്ല ജയിച്ചിടത്തും തോറ്റിടത്തും വോട്ട് ഗണ്യമായി കുറയുകയും ചെയ്തു.

22 സിറ്റിങ് സീറ്റുകളുമായി ഇറങ്ങിയ യുഡിഎഫിന് മൂന്ന് സീറ്റുകള്‍ നഷ്ടമായി. ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം അവിടങ്ങളിലെ തോല്‍വിക്ക് കാരണമായെന്നും സമസ്ത വിശദീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനപിന്തുണ അളക്കാന്‍ പര്യാപ്തമല്ലെങ്കിലും തെരഞ്ഞടുപ്പ് ഫലം നല്‍കുന്ന രാഷ്ട്രീയ സന്ദേശം അവഗണിക്കുന്നത് ശരിയല്ലെന്നാണ് സമസ്തയുടെ നിലപാട്. നാല് മാസം കൊണ്ട് സര്‍ക്കാരിന് എങ്ങനെ തിളക്കം നഷ്ടമായി ? ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ ? എന്ന ഗൗരവമായ ചോദ്യങ്ങളും സമസ്ത മുന്നോട്ട് വെക്കുന്നു.

സാധാരണക്കാരെ ഇത് ആശയക്കുഴപ്പത്തിലാക്കിയെങ്കില്‍ കുറ്റം പറയാനാകില്ല. സര്‍ക്കാരിനെ ചുറ്റിപ്പറ്റി ഉണ്ടായത് വലിയ വിവാദങ്ങളാണ്. ഇത് സര്‍ക്കാരിന്റെ സുതാര്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ സ്വകാര്യ സൗകര്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യത സംബന്ധിച്ച ചോദ്യങ്ങളും നിലനില്‍ക്കുന്നു എന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനങ്ങള്‍ നല്‍കുന്ന പിന്തുണ അധികാരത്തിന്റെ സ്ഥിരം അവകാശമല്ല. വിവാദങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. ജനവിധിയിലെ ചെറിയ മാറ്റങ്ങള്‍ പലപ്പോഴും വലിയ രാഷ്ട്രീയ മുന്നറിയിപ്പുകളുടെ തുടക്കമാകാറുണ്ടെന്നാണ് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വകാര്യ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കൂടുതല്‍ സുതാര്യത സര്‍ക്കാരിന് ഉണ്ടാകണം. നയപരമായ മാറ്റങ്ങളില്‍ വ്യക്തത വേണമെന്നും സമസ്ത മുന്നറിയിപ്പ് നല്‍കുന്നു. മാധ്യമങ്ങളോടും വിമര്‍ശകരോടും കൂടുതല്‍ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണം. അധികാരവും സ്വകാര്യ താല്‍പര്യങ്ങളും തമ്മിലുള്ള അതിരുകള്‍ കര്‍ശനമായി പാലിക്കണം. ഭരണത്തെ കൂടുതല്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശമാണ് സമസ്ത നല്‍കുന്നത് എന്നും എഡിറ്റോറിയല്‍ വിശദീകരിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!