റിയാദ്: സഊദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ രാജ്യത്തെ പ്രധാനം പ്രവിശ്യകളിലെ സ്കൂളുകളിൽ നേരിട്ടുള്ള പഠന ക്ലാസുകൾക്ക് താത്കാലിക വിലക്ക്. ഇന്ന് (ഞായർ) മുതൽ വരാനിരിക്കുന്ന വ്യാഴാഴ്ച വരെ ഒരാഴ്ചക്കാലത്തേക്ക് സ്കൂളുകളിൽ നേരിട്ടെത്തി പഠിക്കുന്നത് ഒഴിവാക്കി ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി.
ശനിയാഴ്ച രാത്രി വൈകിയാണ് റിയാദ് ജനറൽ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷനിൽ നിന്ന് ഇത് സംബന്ധിച്ച നിർണ്ണായക സന്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിച്ചത്. സുരക്ഷ മുൻനിർത്തിയും വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാനുമാണ് മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോമുകൾ വഴി ക്ലാസുകൾ തുടരാൻ ഉത്തരവിട്ടിരിക്കുന്നത്.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് പുറമെ റിയാദിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇന്ത്യൻ സ്കൂളുകളും മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ച് ഓൺലൈൻ അധ്യയനത്തിലേക്ക് മാറിയിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച വരെ ഓൺലൈൻ അധ്യയനം തുടരുമെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ സ്കൂൾ മാനേജ്മെന്റുകളെയും രക്ഷിതാക്കളെയും അറിയിച്ചു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
