മിന്നലാക്രമണത്തിന്‍റെ സൂത്രധാരന്‍ സമീര്‍ അബു യൂനിസിനെ വധിച്ചെന്ന് ഇസ്റാഈല്‍

News Desk
1 Min Read

2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിന്റെ ആസൂത്രണത്തിൽ പ്രധാന പങ്കാളിയായ ഹമാസ് നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ സീനിയർ കമാൻഡർ സമീർ അബു യൂനിസിനെ ശനിയാഴ്ച നടത്തിയ ഓപ്പറേഷനിലാണ് വധിച്ചത്.

ഐഡിഎഫും ഐഎസ്എയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന നേതാവ് കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം ഞായറാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. 

സമീർ അബു യൂനിസ് കൊല്ലപ്പെട്ട വിവരം ഹമാസിന്റെ അൽ ഖാസം ബ്രിഗേഡും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വ്യോമാക്രമണമുണ്ടായതെന്നും ഇസ്രയേലിന്റെ ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അൽ ഖാസം ബ്രിഗേഡ് ടെലഗ്രാമിൽ പ്രതികരിച്ചു. 53കാരനായ സമീർ അബു യൂനിസിന്റെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റെന്നും ഗാസ സിവിൽ ഡിഫൻസ് വക്താവ് എഎഫ്പിയോട് പറഞ്ഞു.

1991ലാണ് അബു യൂനിസ് ഹമാസിന്റെ സായുധ വിഭാഗത്തിൽ ചേർന്നത്. ബ്രിഗേഡിന്റെ കമാൻഡറായി നിയമിക്കപ്പെടുന്നതിന് മുമ്പ് റഫയിൽ നിരവധി മുതിർന്ന ഓപ്പറേഷനൽ സ്ഥാനങ്ങൾ അബു യൂനിസ് വഹിച്ചിരുന്നതായും ഹമാസ് പറയുന്നു. അതേസമയം ഗാസയിൽ വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും ഇസ്രായേലി ആക്രമണങ്ങൾ അവസാനിപ്പിക്കാനോ ഹമാസിന്റെ നിരായുധീകരണം ഉറപ്പിക്കാനോ കഴിഞ്ഞിട്ടില്ല. 

വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം കുറഞ്ഞത് 1,600 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതർ പറയുന്നു. ഇതേ കാലയളവിൽ അഞ്ച് ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് ഏകദേശം 1,200 പേരെ കൊലപ്പെടുത്തിയതിന് ശേഷം ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിയിൽ 74,000-ത്തിലധികം പേർ കൊല്ലപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!