കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നു കാട്ടി ബിജെപി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.
ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാറാണ് പരാതി നൽകിയത്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിലും കുണ്ടറയിലെ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. ഇന്നലെ മൂന്നുമണിയോടെ കൊല്ലം ആശ്രാമം മൈതാനത്തു ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം കുണ്ടറയിലേക്കു പോകാൻ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലെ പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ വാഹനത്തിനു തൊട്ടുമുന്നിൽ പോയ പൈലറ്റ് വാഹനത്തിന് അടുത്തേക്കുവരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി എത്തി.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, മുൻ സംസ്ഥാന സെക്രട്ടറി സിജു ഖാൻ, ജില്ലാ സെക്രട്ടറി ശരത് പട്ടത്താനം, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ് എന്നിവരാണു കരിങ്കൊടികളുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആഭ്യന്തരമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർ ചിന്നക്കടയിലെ ഐഎൻടിയുസിയുടെ കൊടിമരം നശിപ്പിച്ചു. ഡിസിസി ഒാഫിസിനു മുന്നിലേക്കുമെത്തിയ പ്രതിഷേധക്കാർ ഐഎൻടിയുസിയുടെയും കോൺഗ്രസിന്റെയും കൊടികളും നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി പ്രവർത്തകർ ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും നശിപ്പിച്ചു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
