ലക്നൗ: അംറോഹ ജില്ലയിലെ ഫാംഹൗസിൽ വച്ച് ഹരിയാന സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ രണ്ട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിലായി.
അംറോഹയിലെ ഹസൻപുർ മേഖലയിലാണ് സംഭവം നടന്നത്. ഹസൻപുർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ് എന്നിവരും സിആർപിഎഫ് സബ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരുമാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നതിങ്ങനെ:
അംറോഹയിലെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായാണ് യുവതി എത്തിയത്. മുസാഫർനഗർ ജില്ലയിലെ സൗരംഗ് ഗ്രാമവാസിയായ സിആർപിഎഫ് ഇൻസ്പെക്ടർ മോഹിതിനെ കാണാൻ വനിതാ സുഹൃത്താണ് യുവതിയോട് നിർദേശിച്ചത്. സെപ്റ്റംബർ 21ന് ഹരിയാനയിലെ സോണിപ്പത്തിൽ വച്ച് യുവതി മോഹിതിനെ കണ്ടുമുട്ടി. അവിടെനിന്ന് അവർ മീററ്റിലേക്ക് പോയി. മീററ്റിൽ വച്ച് രാജസ്ഥാനിലെ അൽവാർ സ്വദേശിയായ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് ഇവർക്കൊപ്പം ചേർന്നു.
സെപ്റ്റംബർ 22ന് ഇരുവരും യുവതിയെ കാറിൽ ഹസൻപുരിലേക്ക് കൊണ്ടുപോയി. വഴിമധ്യേ സബ് ഇൻസ്പെക്ടർ സഞ്ജയ് തോമർ കാറിൽ കയറി. തുടർന്ന് മൂവരും ചേർന്ന് യുവതിയെ ഒരു ഫാംഹൗസിലേക്ക് കൊണ്ടുപോയി. അവിടെ രണ്ട് മുറികൾ വാടകയ്ക്കെടുത്തു. പൊലീസ് ഹെഡ് കോൺസ്റ്റബിൾ പ്രമോദ് ആണ് ഇവർക്കായി താമസ സൗകര്യം നൽകിയത്.
രാത്രി മോഹിത്, യാദവ്, തോമർ എന്നിവർ യുവതിയെ പീഡിപ്പിച്ചു. പ്രമോദ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും, യുവതി ഇയാളെ തള്ളിമാറ്റി മുറി ഉള്ളിൽനിന്ന് പൂട്ടി. തുടർന്ന് ഓൺലൈനിൽനിന്ന് പൊലീസ് ഹെൽപ് ലൈൻ നമ്പർ കണ്ടെത്തി വിളിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. നാലു പ്രതികളെയും കസ്റ്റഡിയിലെടുത്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
