ന്യൂഡൽഹി: ജന്മദിനത്തിൽ ക്ഷേത്ര ദർശനത്തിനായി പോയപ്പോഴാണ് ക്രൂരപീഡനത്തിന് ഇരയായതെന്ന് ഡൽഹി കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന പതിനേഴുകാരി. ഡൽഹി സൗത്തിലെ പ്രശസ്തമായ ആസ്ത കുഞ്ജ് പാർക്കിൽ വച്ചാണ് പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി മാറിമാറി പീഡിപ്പിച്ചത്. കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി.
തന്റെ ജന്മദിനത്തിൽ കൽക്കാജി മന്ദിറിൽ ദർശനം നടത്താനാണ് പെൺകുട്ടി പദ്ധതിയിട്ടിരുന്നത്. ഇതിനായി ആൺ സുഹൃത്തിനെയും ഒപ്പം കൂട്ടി. വൈകിട്ട് 5 മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇവർ 5.45 ഓടെ ക്ഷേത്രത്തിലെത്തുകയും ഏതാണ്ട് 7 മണിവരെ അവിടെ ചെലവഴിക്കുകയും ചെയ്തു. കൽക്കാജി മന്ദിറിലെ ദർശനത്തിനു ശേഷം സമീപത്തുള്ള ഇസ്‌കോൺ ക്ഷേത്രം കൂടി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെ ആസ്ത കുഞ്ജ് പാർക്കിന്റെ ഏഴാം നമ്പർ ഗേറ്റ് വഴി ഇരുവരും ഉള്ളിലേക്ക് പ്രവേശിച്ചു. ചിപ്സ് കഴിച്ച ശേഷം യാത്ര തുടരാമെന്നായിരുന്നു തീരുമാനം.
എന്നാൽ പാർക്കിൽ ഇരുന്നതിനു തൊട്ടുപിന്നാലെ, 30നും 35നും ഇടയിൽ പ്രായം തോന്നിക്കുന്ന മൂന്നു പുരുഷന്മാർ ഇവരെ സമീപിക്കുകയായിരുന്നു. തുടക്കത്തിൽ പെൺകുട്ടിയുടെ സുഹൃത്തിനെ പിടിച്ചുവച്ച് ഇവർ മർദിച്ചു. ആരാണെന്ന് ചോദിച്ചപ്പോൾ പൊലീസുകാരാണെന്നായിരുന്നു പ്രതികളുടെ അവകാശവാദം. ഈ സമയത്ത് പാർക്കിൽ ഇരിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും മൊബൈൽ ഫോണുകൾ ബലമായി പിടിച്ചെടുക്കുകയും ചെയ്തു.
തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തിനെ ഒരാൾ ദൂരേക്ക് മാറ്റിനിർത്തിയ ശേഷം, മറ്റുള്ളവർ പെൺകുട്ടിയോട് വിജനമായ ഭാഗത്തേക്ക് നടക്കാൻ ആവശ്യപ്പെട്ടു. ഭയന്നുപോയ പെൺകുട്ടി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഇവിടെ വച്ച് ചോദിക്കാനോ അല്ലെങ്കിൽ തന്റെ അമ്മയോട് സംസാരിക്കാനോ ആവശ്യപ്പെട്ടു. ഈ സമയത്താണ് പ്രതികളിലൊരാൾ കൂട്ടത്തിലുള്ള മറ്റൊരാളെ ആസിഫ് എന്ന് പേരെടുത്തു വിളിക്കുകയും തോക്ക് പുറത്തെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
ഇയാൾ പെൺകുട്ടിയുടെ നേർക്ക് കറുത്ത പിസ്റ്റൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം അത് പോക്കറ്റിലേക്ക് തിരികെ വച്ചു. പിന്നീട് മൂവരും ചേർന്ന് കത്തികൾ പുറത്തെടുത്ത് പെൺകുട്ടിയെ പാർക്കിന്റെ ഇരുണ്ടതും വിജനവുമായ ഭാഗത്തേക്ക് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി. പ്രതികൾ മൂന്നു പേരും ചേർന്ന് പെൺകുട്ടിയെ മാറിമാറി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
