സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സൗകര്യം; 90 ദിവസത്തെ പ്രൊബേഷനിലും ഫൈനല്‍ എക്‌സിറ്റ് ലഭിക്കും 

malayalampress
1 Min Read

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സൗകര്യം; 90 ദിവസത്തെ പ്രൊബേഷനിലും ഫൈനല്‍ എക്‌സിറ്റ് ലഭിക്കും

റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ അനുവദിച്ചിട്ടില്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 90 ദിവസത്തെ പ്രൊബേഷന്‍ കാലയളവില്‍ തന്നെ ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. തൊഴിലുടമകള്‍ക്ക് അബ്ഷര്‍ പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.

എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് അനുവദിക്കുന്നതിന് ചില നിബന്ധനകള്‍ പാലിക്കണം. തൊഴിലാളി മരണപ്പെട്ടതായി രജിസ്റ്റര്‍ ചെയ്തിരിക്കരുത്, ജോലിയില്‍ നിന്ന് വിട്ടുനിന്നതായി രേഖപ്പെടുത്തിയിരിക്കരുത്, സഊദിക്ക് പുറത്തായിരിക്കാനും പാടില്ല. തൊഴിലാളിയുടെ ട്രാഫിക് രേഖയില്‍ കുടിശ്ശികയോ നിയമലംഘനമോ ഉണ്ടാകരുതെന്നും പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 60 ദിവസത്തെ കാലാവധി ശേഷിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അറിയിച്ചു.

സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ചട്ടപ്രകാരം തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളിയും തമ്മില്‍ എഴുത്തുപരമായ കരാര്‍ ഉണ്ടായിരിക്കണം. പരമാവധി 90 ദിവസമാണ് പ്രൊബേഷന്‍ കാലയളവ്. ഈ സമയത്ത് തൊഴിലാളിയുടെ തൊഴില്‍ശേഷിയും പെരുമാറ്റവും വിലയിരുത്താന്‍ തൊഴിലുടമയ്ക്ക് സാധിക്കും.

പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഏകപക്ഷീയമായി തൊഴില്‍കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശമുണ്ട്. അതേസമയം, ഒരേ തൊഴിലുടമയ്ക്ക് കീഴില്‍ ഒരേ തൊഴിലാളിയെ ഒന്നിലധികം തവണ പ്രൊബേഷനില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ആദ്യത്തേതില്‍നിന്ന് വ്യത്യസ്തമായ ജോലിയിലേക്ക് മാറ്റുന്നതിന് ഇരുകക്ഷികളും സമ്മതിച്ചാല്‍ മാത്രമേ വീണ്ടും പ്രൊബേഷന്‍ അനുവദിക്കൂ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!