റിയാദ്: ഇലക്ട്രിക് കാർ വിപണിയിൽ പ്രാദേശിക, ആഗോള മേഖല അടക്കി വാഴാൻ ഒരുങ്ങി സഊദിയുടെ സ്വന്തം CEER. സഊദി അറേബ്യയുടെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ‘സീർ’ (Ceer) പുറത്തിറക്കുന്ന ആദ്യ മോഡൽ തന്നെ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. മെയ്ഡ് ഇൻ സഊദി അറേബ്യ’ ലേബലിൽ പുറത്തിറങ്ങുന്ന സീറിന്റെ ആദ്യ മോഡലായ ‘എക്സോബോട്ട്’ (Exobot) ഇലക്ട്രിക് സെഡാന്റെയും എസ്.യു.വിയുടെയും അതിശയിപ്പിക്കുന്ന ഫീച്ചറുകൾ നാഷണൽ ഓട്ടോമോട്ടീവ് കമ്പനി പുറത്തുവിട്ടു.
5 വർഷം 7 മോഡലുകൾ, ലോകമെമ്പാടും
പ്രാദേശിക തനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ, സാങ്കേതിക സവിശേഷതകൾ, സുരക്ഷാ സംവിധാനങ്ങൾ, കാബിനുള്ളിലെ സാങ്കേതികവിദ്യകൾ എന്നിവ ഏറെ ശ്രദ്ധേയമാണ്. ‘എക്സോബോട്ട്’ കാറുകളിൽ സെഡാൻ, ഫോർ-വീൽ ഡ്രൈവ് വിഭാഗങ്ങൾ ഉൾപ്പെടുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഏഴ് വ്യത്യസ്ത മോഡലുകളിൽ (വിവിധ വലുപ്പങ്ങളിലും ഡ്രൈവ് സംവിധാനങ്ങളിലും) ആദ്യത്തേതാണ് ഇവ. “മേഡ് ഇൻ സഊദി അറേബ്യ” (Made in Saudi Arabia) എന്ന ലോഗോ പതിച്ച കാറുകൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് CEER സി ഇ ഒ ജെയിംസ്ഡെ ലൂക്ക പറഞ്ഞു.
പരിധികൾക്കപ്പുറം പോകുക, പ്രതീക്ഷകൾക്ക് അപ്പുറം വളരുക എന്നിവയെ സൂചിപ്പിക്കുന്ന ‘എക്സോ’ (Exo), വാഹന വ്യവസായത്തിൽ സഊദി അറേബ്യയുടെ യാത്രയുടെ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ‘ബോട്ട്’ (Bot) എന്നീ വാക്കുകൾ ചേർത്താണ് ഇതിന് പേര് നൽകിയിരിക്കുന്നതെന്ന് കമ്പനിയുടെ ഡിസൈൻ വിഭാഗം മേധാവി റോബർട്ട് മെൽവില്ലെ വിശദീകരിച്ചു.
നജ്ദി വാസ്തുവിദ്യ, പെരിഗ്രിൻ ഫാൽക്കൺ പക്ഷിയുടെ ശൈലി
നജ്ദി വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ചടുലമായ ശൈലിയും മൂർച്ചയുള്ളതും എന്നാൽ ഒഴുക്കുള്ളതുമായ ഗ്രാഫിക് ഘടകങ്ങളും ചേർന്നതാണ് ഈ കാറിൻ്റെ ഡിസൈൻ. തിരശ്ചീനമായ ലൈറ്റിംഗ് ശൈലി വാഹനത്തിന് കാഴ്ചയിൽ കൂടുതൽ വീതിയും റോഡിൽ വേറിട്ട സാന്നിധ്യവും നൽകുന്നു. വാഹനത്തിൻ്റെ മുൻഭാഗത്തും പിൻഭാഗത്തും 32 ലംബമായ ലൈറ്റ് സ്ട്രിപ്പുകൾ (light strips) നൽകിയിട്ടുണ്ട്; കിംഗ് അബ്ദുൽ അസീസ് രാജ്യത്തെ ഏകീകരിച്ച 1932 എന്ന വർഷത്തെ സൂചിപ്പിക്കുന്നതാണ് ഇത്.
ഭാരം കുറഞ്ഞ അലുമിനിയം വീലുകളും, കാബിനുള്ളിലേക്ക് കൂടുതൽ വെളിച്ചം കടത്തിവിടുന്ന വിശാലമായ വിൻഡ്ഷീൽഡും എക്സോബോട്ടിൻ്റെ പ്രത്യേകതകളാണ്. പെരിഗ്രിൻ ഫാൽക്കൺ പക്ഷിയുടെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത, ഏകദേശം 3 മീറ്റർ നീളമുള്ള ഇതിന്റെ വാതിലുകൾ, വാഹനത്തിലേക്ക് സുഗമമായും അനായാസമായും കയറാനും ഇറങ്ങാനും സഹായിക്കുന്നു. ഉയർന്ന നിലവാരമുള്ള ലെതറും തുണിയും ഉപയോഗിച്ച് മനോഹരമായി രൂപകൽപ്പന ചെയ്ത സീറ്റുകളും, പ്രീമിയം നിലവാരമുള്ള വസ്തുക്കളും മൈക്രോഫൈബറുകളും ഉൾക്കൊള്ളുന്ന ഇതിന്റെ ഉൾഭാഗം ഒരു ബഹിരാകാശ പേടകത്തിനുള്ളിലുള്ളതുപോലെയുള്ള അനുഭവം പ്രദാനം ചെയ്യുന്നു.
ഓർഡർ നൽകി ആഴ്ചകൾക്കുള്ളിൽ തന്നെ വാഹനം
‘മെയ്ഡ് ഇൻ സഊദി അറേബ്യ’ (Made in Saudi Arabia) എന്ന മുദ്രാവാക്യം കമ്പനിക്ക് ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിൽ വലിയ ഉത്തരവാദിത്തം നൽകുന്നുണ്ടെന്ന് ‘CEER’ കമ്പനിയുടെ സാങ്കേതിക വിഭാഗം മേധാവി മാർക്കസ് ലെയ്റ്റ്നർ പറഞ്ഞു. പ്രാദേശിക ഉൽപ്പാദനം വഴി, മാസങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്നും ഓർഡർ നൽകി ആഴ്ചകൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് വാഹനം എത്തിച്ചുനൽകാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.4 സെക്കൻഡ്, 7 എയർബാഗുകളും
1111 കുതിരശക്തിയും (horsepower) 1500 ന്യൂട്ടൺ-മീറ്റർ ടോർക്കും (torque) ഉള്ളവയാണ് എക്സോബോട്ട് (Exobot) കാറുകൾ. ഇതിന്റെ ഓൾ-വീൽ-ഡ്രൈവ് പതിപ്പിന് 0-ൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.4 സെക്കൻഡും സെഡാൻ പതിപ്പിന് 2.1 സെക്കൻഡും മതിയാകും. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 30 മിനിറ്റിനുള്ളിൽ വാഹനം പൂർണ്ണമായി ചാർജ് ചെയ്യാനും സാധിക്കും.
കഠിനമായ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും നേരിടാൻ പാകത്തിൽ ‘സെൽ മുതൽ പാക്കേജ് വരെ’ (cell to package) പ്രത്യേകം രൂപകൽപ്പന ചെയ്ത സ്ട്രക്ചറൽ ബാറ്ററിയും, സവിശേഷമായി രൂപകൽപ്പന ചെയ്ത 7 എയർബാഗുകളും ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഈ വാഹനത്തിലുണ്ടെന്ന് ലെയ്റ്റ്നർ വിശദീകരിച്ചു. അപകടങ്ങൾ സംഭവിക്കുമ്പോൾ പ്രതികരിക്കുക മാത്രമല്ല, അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും ഈ സുരക്ഷാ സംവിധാനങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിനുള്ളിൽ വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് നീളുന്ന 48 ഇഞ്ച് പ്രധാന സ്ക്രീനിനു പുറമേ, 10 ഇഞ്ച് സെൻട്രൽ സ്ക്രീനും പിൻഭാഗത്ത് രണ്ട് 8 ഇഞ്ച് ടച്ച് സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്.
സഊദി അറേബ്യയുടെ ഭൂപ്രകൃതി, സംസ്കാരം, കാഴ്ചപ്പാട് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എക്സോബോട്ടിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പ്രാദേശികമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ കാറുകൾ, ഇലക്ട്രിക് വാഹന വ്യവസായത്തിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള സഊദിയുടെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF), ഫോക്സ്കോൺ (Foxconn) എന്നിവരുമായുള്ള പങ്കാളിത്തത്തിലാണ് കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ വമ്പൻ വ്യാവസായിക സമുച്ചയത്തിൽ സീർ കാറുകൾ നിർമ്മിക്കുന്നത്. സഊദി യുവതീയുവാക്കളുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഈ കാറുകൾ സമീപഭാവിയിൽ തന്നെ ആഗോള വിപണിയിലെത്തും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
