മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും 6 പേർ മരിച്ചു; ഇടുക്കിയിലും കോട്ടയത്തും മലപ്പുറത്തും അപകടങ്ങൾ

News Desk
3 Min Read

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മലയോരമേഖലകളിൽ തുടർച്ചയായി പെയ്ത മഴയുടെ ഫലമായി ചിലയിടങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി.

മഴക്കെടുതിയിൽ സംസ്ഥാനത്താകെ ആറുപേർക്കാണ് ഞായറാഴ്ച ജീവൻ നഷ്ടപ്പെട്ടത്. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് അപകടങ്ങൾ നടന്നത്. ഇടുക്കിയിൽ കൃഷിയിടത്തിലെ ഷെഡ്ഡിന് മുകളിൽ മണ്ണിടിഞ്ഞ് വീണും, കോട്ടയത്ത് റോഡരികിൽ മണ്ണിടിഞ്ഞുവീണും, മലപ്പുറത്ത് മലവെള്ളപ്പാച്ചിലിലുമാണ് മരണങ്ങൾ സംഭവിച്ചത്.

ഇടുക്കി ജില്ലയിലെ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ടുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മൂന്നാറിൽ നിന്ന്40 കിലോമീറ്റർ അകലെ കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രണ്ട് ദിവസമായി പ്രദേശത്ത് ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. ഇന്ന് ഉച്ചമുതലാണ് മഴ ശക്തിപ്രാപിച്ചത്. മൂന്നുപേരും കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകത്തിൽപെട്ടത്. ശക്തമായ മഴയെ തുടർന്നാണ് ഇവർ കൃഷിസ്ഥലത്തിനടുത്തുള്ള ഷെഡ്ഡിലേക്ക് മാറിയത്. ഈ സമയത്ത് മണ്ണിടിഞ്ഞ് ഷെഡ്ഡിനുമുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ്ഇവരെ പുറത്തെടുത്തത്.

കോട്ടയത്ത് കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപം മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരിയായ യുവതിയാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഇരുചക്രവാഹന യാത്രക്കാരിയായ സംഗീത(35)യ്ക്കാണ് ജീവൻ നഷ്ടമായത്.  ചെന്നൈ ജവഹർ നഗർ സ്വദേശിനിയാണ്. വാഗമണ്ണിലേക്ക് പോകുന്ന വഴിയിലാണ് ഇവർ അപകടത്തിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തി.

തീക്കോയി, തലനാട്, വാഗമൺ ഭാഗങ്ങളിൽ വൈകുന്നേരം നാലുമണിമുതൽ നിർത്താതെ മഴ പെയ്യുകയാണ്. തീക്കോയി, തലനാട്, വാഗമൺ ഭാഗങ്ങളിൽ വൈകുന്നേരം നാലുമണിമുതൽ നിർത്താതെ മഴ പെയ്യുകയാണ്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മൂന്നാം വാർഡ് പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് ജോസഫ് (അപ്പച്ചൻ-80) ആണ് മരിച്ചത്. മണ്ണിനടിയിൽപെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയും വൈദ്യുതി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫിന്റെ ഭാര്യ കുഞ്ഞുഞ്ഞുമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് ഈ രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി.

മലപ്പുറം നിലമ്പൂരിൽ ചോക്കാട് പൂക്കോട്ടുംപാടംകോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടത്. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിൽ ഞായറാഴ്ച വൈകീട്ട്അഞ്ചുമണിയോടെയാണ് അപകടം നടന്നത്. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ഞായറാഴ്ചയായതിനാൽ നിരവധി പേരാണ് ഇവിടം കാണാനും പുഴയിൽ കുളിക്കാനുമെല്ലാമായി എത്തിയിരുന്നത്.

മരിച്ചവരിൽ ഒരാളുടെ മൃതദേഹം പൊട്ടിക്കല്ല് മുട്ടിക്കുണ്ട് നിന്നും രണ്ടാമത്തെയാളുടേത് ആന്റണിക്കാട് അയനിക്കുണ്ട് ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. അപകടത്തിൽ അഞ്ചുപേർഒഴുക്കിൽപ്പെട്ടു. കരുവാരകുണ്ട് സ്വദേശി റഹീം (35), മാങ്ങാടൻ ബസ് ഉടമായ കോട്ടക്കൽ മാങ്ങാടൻ അനസ് (27), കൂടെയുള്ള പ്രായമായ ഒരാൾ, വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായത്.

ഇവർക്കായി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ചേക്കാട് സ്വദേശികളായ ആറംഗ സംഘത്തിലെ രണ്ടുപേർ നീന്തി രക്ഷപ്പെടുകയും പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു.

പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരക്കുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവരാണ് അത്ഭുതകരമായി രക്ഷപെട്ടത്. നിലമ്പൂർ ഡിവൈഎസ്പി റഫീഖിന്റെ നേതൃത്വത്തിൽ കാളികാവ്, പൂക്കോട്ടുംപാടം പോലീസ് സബ് ഇൻസ്പെക്ടർ വി. മനോജ് കുമാർ, അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും ചക്കിക്കുഴി വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ദിവാകരനുണ്ണിയും സംഘവും നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24-ാം തീയതി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഡാം പരിസരങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

 …

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!