ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കള്‍ക്ക് ദേഹാസ്വസ്ഥ്യമെന്ന രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം.
പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബ്രിക്സ് ഉച്ചകോടി സെപ്റ്റംബര്‍ 12,13 തീയതികളിലായാണ് നടന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവരടക്കം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരടക്കം 11 രാജ്യങ്ങളുടെ തലവന്മാര് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. ഈജിപ്ത്, ഏതോപ്യ, ഇറാന്, യുഎഇ, സഊദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചതിന് ശേഷമുള്ള നിര്‍ണായക ഒത്തുചേരലാണിത്. അംഗരാജ്യങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളുള്ള വിഷയങ്ങളില്‍ പോലും സമവായം കണ്ടെത്താനും, വികസ്വര രാജ്യങ്ങളുടെ സാമ്പത്തികവും സുരക്ഷാപരവുമായ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കാനും ബ്രിക്സ് ഉച്ചകോടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
