സ്വത്തുക്കൾ ആശ്രമത്തിന് എഴുതിനൽകുമെന്ന് 70-കാരൻ; കൊലപ്പെടുത്തി ഭാര്യയും മകനും

News Desk
1 Min Read

ചെന്നൈ: തന്റെ സ്വത്ത് അനാഥാലയത്തിനു എഴുതിക്കൊടുക്കുമെന്നുപറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു. സർക്കാർ ബസ് ഡ്രൈവറായി വിരമിച്ച ചെന്നൈ പെരുങ്കുടി സ്വദേശി ശിവപതം ആണ് കൊല്ലപ്പെട്ടത്. ശിവപതത്തിന്റെ ഭാര്യ രേണുക (50), മകൻ മധുസൂദനൻ (38) എന്നിവരാണ് അറസ്റ്റിലായത്.

പെരുങ്കുടിക്കുസമീപം ഓൾഡ് മഹാബലിപുരം റോഡിൽ വിവിധസ്ഥലങ്ങളിൽ ഇവർക്ക് വീടുകളുണ്ട്. അതിൽനിന്നുള്ള വാടക വരുമാനം ലഭിക്കുന്നതിനാൽ മധുസൂദനൻ ജോലി ഉപേക്ഷിച്ച് പത്തുമാസം മുൻപ്‌ ശിവപതത്തോടൊപ്പം താമസം തുടങ്ങി. കുടുംബ തർക്കത്തെ തുടർന്ന് ഒരുമാസം മുൻപ്‌ ശിവപതം വാലജാബാദിനടുത്ത തന്റെ ജന്മഗൃഹത്തിലേക്കു താമസംമാറി.

അവിടെയെത്തിയ രേണുകയും മധുസൂദനനും തനിച്ചുതാമസിക്കുന്നത് അധികച്ചെലവാണെന്നും ചെന്നൈയിലേക്കു മടങ്ങാനും ശിവപതത്തോട് ആവശ്യപ്പെട്ടു. എന്നാൽ ചെന്നൈയിൽ വാടകവീടുകളിൽനിന്നു ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം തനിക്കുതരാൻ ശിവപതം പറഞ്ഞു. രേണുകയും മകനും അതിനു തയ്യാറായില്ല.

ഇതേത്തുടർന്നുണ്ടായ വഴക്കിനിടെ തന്റെ എല്ലാ സ്വത്തുക്കളും അനാഥാലയത്തിന് എഴുതിക്കൊടുക്കുമെന്ന് ശിവപതം ഭീഷണിമുഴക്കി. സംഭവത്തിന് ഏതാനും ദിവസങ്ങൾക്കകം ശിവപതം മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു രേണുകയും മകനും ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് ചിലർ പോലീസിനെ അറിയിച്ചു.

തുടർന്ന് ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ശിവപതത്തിന്റെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് രേണുകയെയും മധുസൂദനനെയും ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്.

അച്ഛനെ കത്തികൊണ്ട് കുത്തിക്കൊന്നതാണെന്ന് മധുസൂദനൻ മൊഴിനൽകി. രേണുകയാണ് വീട്ടിലെ രക്തക്കറകൾ തുടച്ചുമാറ്റിയതെന്നും പോലീസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!