തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചാനലിൽ പരിശോധന നടത്തിയത് കോടതി അനുമതിയോടെയാണ്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ കെട്ടിടത്തിലാണ് ഉള്ളത്. അതുകൊണ്ടാണ് പൊലീസ് അവിടെ എത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇവിടെത്തെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഒരു കേസ് അല്ല. പൊലീസ് നടപടി നിയമാനുസൃതം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
റെയ്ഡിൽ കിട്ടിയ തെളിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ ആകില്ല. നിയമപരമായി നടപടികളുമായി എസ്ഐടി മുന്നോട്ടുപോവുകയാണ്. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാർ കാലത്ത് നടത്തിയ ഏറ്റവും വലിയ തട്ടിപ്പാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സ്പോർട്സ് മന്ത്രാലയം മുഖ്യമന്ത്രിക്ക് കത്ത് നൽകി. കത്ത് മുഖ്യമന്ത്രി പരിശോധിച്ച ശേഷം ആഭ്യന്തരമന്ത്രിക്ക് കൈമാറി. ഇതിലാണ് ഇപ്പോൾ ഉണ്ടായ റെയ്ഡെന്നും ചെന്നിത്തല പറഞ്ഞു.
എസ്ഐടി ചെയ്യുന്നത് നിയമപരമായ കാര്യങ്ങൾ തന്നെയാണ്. റെയ്ഡ് തൻ്റെ അനുമതിയോട് കൂടി തന്നെയാണ് ചെയ്തത്. പത്ര സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി നിൽക്കുന്ന ആളുകളാണ് തങ്ങളെല്ലാം. സ്വാതന്ത്ര്യത്തിനുവേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ചരിത്രമാണ് കോൺഗ്രസിനും യുഡിഎഫിനും ഉള്ളത്.
അന്വേഷണം എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് എസ്ഐടിയാണ്. പൊലീസ് അന്വേഷണത്തിൽ മന്ത്രിയോ മുഖ്യമന്ത്രിയോ ഇടപെടാറില്ല. നിയമവിരുദ്ധമായ ഒരു നടപടിയും കേരള പൊലീസ് ചെയ്തിട്ടില്ല.നിയമ വിരുദ്ധമായിട്ടുള്ള ഏതെങ്കിലും നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ താൻ അത് പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സിപിഐഎം മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
