ഭർത്താവിനെ അന്വേഷിച്ചെത്തിയ പോലീസ് ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു

News Desk
1 Min Read

ഫിറോസാബാദ്∙ ഉത്തർ പ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിനു പിന്നാലെ മരിച്ച സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലിയാണ് (28) മരിച്ചത്.

മോഷണക്കേസിൽ പ്രതിയായ, അഞ്ജലിയുടെ ഭർത്താവ് ഗൗരവിനെ അന്വേഷിച്ച് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയ പൊലീസ് സംഘമാണ് അതിക്രമം നടത്തിയത്. ഗൗരവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് എത്തിയ അഞ്ജലിയുടെ വയറ്റിൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജലി ചവിട്ടേറ്റു വീണതിനുശേഷം പൊലീസ് ഗൗരവിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. 

അഞ്ജലിയുടെ ആരോഗ്യനില മോശമായതോടെ അവരെ ഷിക്കോഹാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ജലി പ്രസവിച്ചെങ്കിലും തുടർന്ന് നില ഗുരുതരമായിരുന്നു. ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ജലിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ നവജാതശിശുവിന്റെ നിലയും ഗുരുതരമാണ്. 

അഞ്ജലിയുടെ മരണത്തിനു പിന്നാലെ, സമാജ് വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജിലാൽ സുമൻ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം ആരംഭിച്ചതോടെയാണ് സംഭവം വൻ വിവാദമായത്. പൊലീസിനെതിരെ കൊലപാതകക്കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എസ്ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!