ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. തമെങ്ലോങ് ജില്ലയിൽ ചൊവ്വാഴ്ച രാത്രി തീവ്രവാദികളുടെ വെടിവെപ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. ഗ്രാമത്തിനുപുറത്തുള്ള ഏതാനും ഫാം ഹൗസുകൾ അക്രമികൾ തീയിട്ട് നശിപ്പിച്ചു. രണ്ടുദിവസംമുൻപ് തമെങ്ലോങ്, നോണി ജില്ലകളിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് പുതിയ ആക്രമണം.
തമെങ്ലോങ്ങിലെ ഉൾപ്രദേശമായ ലെയ്സാങ്ഫായ് ഗ്രാമത്തിന് സമീപത്തെ ആളൊഴിഞ്ഞ പാടത്ത് വിറക് ശേഖരിക്കാൻപോയ കുക്കി വിഭാഗത്തിൽപ്പെട്ട ചോംഗ സിറ്റ്ലൗ (60), കിംബോയ് സിങ്സൺ (30) എന്നിവരാണ് മരിച്ചത്. വെടിയേറ്റ നിലയിൽ ഇവരുടെ മൃതദേഹങ്ങൾ പിന്നീട് നാട്ടുകാർ കണ്ടെടുത്തു. ആക്രമണത്തിനുശേഷം ഗ്രാമത്തിലെ ഏതാനുംപേരെ കാണാതായെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ താത്കാലിക ഫാം ഹൗസുകൾക്ക് അക്രമികൾ തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 13-ന് തമെങ്ലോങ്ങിലെ ടോളൻ കുക്കി ഗ്രാമത്തിൽ ദമ്പതികൾ കൊല്ലപ്പെടുകയും ഇവരുടെ കുഞ്ഞിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ മറ്റൊരു സ്ത്രീയും പുരുഷനും വെടിയേറ്റുമരിച്ചിരുന്നു.
തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കുക്കി ഇൻപി മണിപ്പുർ സംഘടന രംഗത്തെത്തി. നീതി ലഭിക്കുന്നതുവരെ ചൊവ്വാഴ്ച കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് സംഘടന വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
