നവജാത ശിശുക്കളുടെ കൊലപാതകം: നഴ്‌സിന്റെ ക്രൂരതകൾ തടയാമായിരുന്നിട്ടും തടഞ്ഞില്ല; അന്വേഷണ റിപ്പോർട്ട്

News Desk
3 Min Read

ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നഴ്‌സ് ലൂസി ലെത്ബിയുടെ ക്രൂരതകൾ നേരത്തെ തടയാൻ ആശുപത്രി മാനേജ്‌മെന്റിന് സാധിക്കുമായിരുന്നെന്ന് അന്വേഷണ റിപ്പോർട്ട്. വടക്കൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നവജാത ശിശു വാർഡിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടികളുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ആശുപത്രി അധികൃതർ കൃത്യസമയത്ത് നടപടിയെടുത്തില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.2015–16 ൽ രാത്രി ജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണ് കുഞ്ഞുങ്ങളെ ലൂസി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം കുട്ടികളെ നോക്കാൻ എനിക്കു പറ്റില്ല.

ഞാൻ പിശാചാണെന്ന് ഒരു കുറിപ്പും ഇവർ എഴുതിവച്ചു. പത്തുമാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ലൂസിയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇപ്പോഴിതാ ആശുപത്രിയിൽ ലൂസിയുടെ കുറ്റകൃത്യങ്ങൾ എങ്ങനെ കണ്ടെത്തപ്പെടാതെ പോയെന്നും ആശുപത്രി അധികൃതർ എങ്ങനെ അതിൽ പ്രതികരിച്ചു എന്നും പരിശോധിച്ച തിർവാൾ ഇൻക്വയറിയാണ് നിർണായക കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്.

സെൻട്രൽ ഇംഗ്ലണ്ടിലെ ഹെർഫോർഡിൽ ജനിച്ച ലൂസി, ചെസ്റ്റർ സർവകലാശാലയിൽ നിന്നാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നിയോനാറ്റൽ യൂണിറ്റിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു. 2015 നും 2016 നും ഇടയിൽ ഈ യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടയിലായിരുന്നു ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതും.

അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും കനത്ത വീഴ്ചയുണ്ടായതായി കമ്മീഷൻ അദ്ധ്യക്ഷ കാത്രിൻ തിർവാൾ കുറ്റപ്പെടുത്തി.ലൂസിക്കെതിരെയുള്ള പരാതികളിൽ നേരത്തെ നടപടിയെടുത്തിരുന്നെങ്കിൽ പല കുരുന്നുകളുടെയും ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അവർ വ്യക്തമാക്കി.

ലൂസി കുറ്റവാളിയാണോ എന്ന് തീരുമാനിക്കുക എന്നതായിരുന്നില്ല കമ്മീഷന്റെ ചുമതല, മറിച്ച് നവജാത ശിശുവാർഡിൽ തുടർച്ചയായുണ്ടായ മരണങ്ങളിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ ആശുപത്രി അധികൃതർ എങ്ങനെയാണ് പ്രതികരിച്ചത് എന്നതായിരുന്നു അന്വേഷണ വിഷയം.2015 ജനുവരി മുതൽ 18 മാസത്തോളം ഇവിടെ കുട്ടികളുടെ മരണവും പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളും വൻതോതിൽ വർദ്ധിച്ചിരുന്നു. പല കുഞ്ഞുങ്ങളുടെയും നില പെട്ടെന്ന് വഷളാവുകയും പുനരുജ്ജീവന ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെ മുതിർന്ന ഡോക്ടർമാർ ആശങ്കയറിയിച്ചു. ഇതാണ് പിന്നീട് സംഭവങ്ങൾ നടക്കുന്ന സമയത്തെല്ലാം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൂസിയിലേക്ക് അന്വേഷണം തിരിയാൻ കാരണമായത്.

ലൂസി കൊലപ്പെടുത്തി എന്ന് കോടതി കണ്ടെത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന് വെറും ഒരു ദിവസമായിരുന്നു പ്രായം. 2018ലും തുടർന്ന് 2019, 2020 വർഷങ്ങളിലും അറസ്റ്റിലായ ലൂസിക്കെതിരെ കൊലപാതക കുറ്റങ്ങൾ ചുമത്തി. 2023 ഓഗസ്റ്റിൽ ഏഴ് കൊലപാതകങ്ങളും ഏഴ് കൊലപാതകശ്രമങ്ങളും തെളിഞ്ഞതിനെത്തുടർന്നാണ് ലൂസി ശിക്ഷിക്കപ്പെട്ടത്. മറ്റ് രണ്ട് കൊലപാതകശ്രമങ്ങളിൽ നിന്നും അവരെ കോടതി വെറുതെവിടുകയും ചെയ്തു.പിന്നീട് നടന്ന വിചാരണയിൽ മറ്റൊരു നവജാത ശിശുവിനെ വധിക്കാൻ ശ്രമിച്ച കേസിലും ലൂസി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

എന്നാൽ താൻ കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് ലൂസി വാദിച്ചത്. കോടതി ശിക്ഷ വിധിച്ചെങ്കിലും, ലൂസിക്കെതിരെയുള്ള തെളിവുകളെച്ചൊല്ലിയുള്ള സംശയങ്ങൾ അവർ തെറ്റായി ശിക്ഷിക്കപ്പെട്ടതാണെന്ന വാദമുണ്ട്.പ്രോസിക്യൂഷൻ വാദങ്ങളെ ചില വൈദ്യശാസ്ത്ര വിദഗ്ധർ ചോദ്യം ചെയ്യുകയും ചെയ്തു. വിചാരണവേളയിൽ തന്റെ ഗവേഷണഫലങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കുഞ്ഞുങ്ങളെ ആരും മനഃപൂർവം ആക്രമിച്ചിട്ടുണ്ടെന്ന് താനോ മറ്റ് വിദഗ്ധരോ കരുതുന്നില്ലെന്നും നിയോനാറ്റൽ ഡോക്ടറായ പ്രൊഫസർ ഷൂ ലീ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ആശുപത്രി മാനേജ്‌മെന്റിനെതിരെയുള്ള പ്രത്യേക അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കഴിഞ്ഞ ജൂലായിൽ ആശുപത്രിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണത്തിനിടയിൽ ലൂസി ഇപ്പോഴും ജീവപര്യന്തം തടവിൽ തുടരുകയാണ്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!