മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, ഒരു മരണം

News Desk
1 Min Read

ജക്കാര്‍ത്ത: മോശം കാലാവസ്ഥയെ തുടര്‍ന്ന് 243 പേരുമായി യാത്ര തിരിച്ച ഇന്തോനേഷ്യന്‍ യാത്രാ കപ്പല്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 103 പേരെ രക്ഷപ്പെടുത്തി. 2.5മീറ്ററോളം നീളമുള്ള തിരമാലകളെ മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ട കപ്പലിന് അരികിലെത്തിയതെന്ന് രക്ഷാപ്രവര്‍ത്തകർ പറയുന്നു.

140 പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജാവാ കടലില്‍ സഞ്ചരിച്ചിരുന്ന വിര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട് 8 എന്ന കപ്പലുമായുള്ള ബന്ധം ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് നഷ്ടമായത്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സുരാഭായയില്‍ നിന്നും ദക്ഷിണ കലിമന്ദാനിലെ ബഞ്ചാര്‍ബാസിമിലേക്കാണ് കപ്പല്‍ യാത്ര തിരിച്ചത്. ബോര്‍ണിയോ ദ്വീപിലാണ് കലിമന്ദാന്‍ സ്ഥിതി ചെയ്യുന്നത്.

മോശം കാലാവസ്ഥയില്‍ കപ്പല്‍ അകപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഉടമയാണ് അധികൃതരെ വിവരം അറിയിച്ചത്. ബഞ്ചാര്‍ബാസിമിലേ ഹാര്‍ബറില്‍ നിന്നും 92 മൈല്‍ അകലെ വച്ചാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. കപ്പലിന്റെ സിഗ്നല്‍ അവസാനമായി ലഭിച്ച ഇടത്തേക്ക് ഒരു രക്ഷാസംഘത്തെ വിന്യസിക്കുകയും രക്ഷാപ്രവര്‍ത്തനും പെട്ടെന്ന് തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു.

കപ്പലില്‍ 200ലധികം യാത്രക്കാര്‍ ഉള്ള സാഹചര്യത്തില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും കപ്പല്‍ കണ്ടെത്താനും യാത്രക്കാരെ രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നതെന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. തെരച്ചിലിനായി മറൈന്‍ അധികൃതരുടെയും മറ്റ് ഏജന്‍സികളുടെയും സഹായം തേടിയിട്ടുണ്ട്. അതേസമയം തന്നെ കാലാവസ്ഥയും സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!