ന്യൂഡൽഹി: റഷ്യയിൽനിന്ന് ആഭ്യന്തര സർവീസുകൾക്കുള്ള ‘Il-114-300’ യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ. ന്യൂഡൽഹിയിൽ നടന്ന ‘ഇന്നോപ്രോം’ പ്രദർശനത്തോടനുബന്ധിച്ചാണ് 105 പ്രാദേശിക യാത്രാവിമാനങ്ങൾ നൽകാൻ ധാരണയായത്. 68 പേർക്കുവരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങളാണ് ഈ ശ്രേണിയിൽ വരിക. വിമാനം വാങ്ങുന്ന വ്യോമയാന കമ്പനികളിൽ എയർ കേരളയും ഉൾപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
റഷ്യൻ സ്റ്റേറ്റ് കോർപ്പറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് (യുഎസി) ഈ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നത്. ഇന്ത്യയിലെ പ്രാദേശിക വ്യോമയാന ശൃംഖലയും സേവനങ്ങളും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രഖ്യാപിച്ച കരാറുകൾ പ്രകാരം ഏറ്റവും കൂടുതൽ വിമാനങ്ങൾ ലഭിക്കുന്നത് പിനാക്കിൾ എയറിനാണ്. 50 വിമാനങ്ങളാണ് ഇവർ വാങ്ങുന്നത്. വ്യോമയാന കമ്പനിയായ എയർ കേരളയ്ക്ക് 20 വിമാനങ്ങൾ ലഭിക്കും. സ്ലീക്ക് ഏവിയേഷനുമായി 35 വിമാനങ്ങൾക്കുള്ള കരാറുമാണ് ഉണ്ടാക്കുന്നത്. ഇതോടെ മൂന്ന് കരാറുകളിലുമായി ആകെ വിമാനങ്ങളുടെ എണ്ണം 105 ആയി.
ചെറിയ റൺവേകളും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമുള്ള ചെറു വിമാനത്താവളങ്ങളിൽനിന്ന് സർവീസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപ്പന ചെയ്ത ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം നിർമിച്ചിരിക്കുന്നത്.
രണ്ട് TV7-117ST-01 എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വിമാനത്തിൽ 68 യാത്രക്കാർക്കുവരെ സഞ്ചരിക്കാനും പരമാവധി യാത്രക്കാരുമായി ഏകദേശം 1,400 കിലോമീറ്റർ ദൂരം വരെ പറക്കാനും സാധിക്കും. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ‘ഉഡാൻ’ പദ്ധതിക്ക് ഈ വിമാനങ്ങൾ മുതൽക്കൂട്ടാകുമെന്ന് യുഎസി വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
