ഡൽഹിയിൽ വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ പെർസിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിൻഡ്രോം (Persistent Mullerian Duct Syndrome– PMDS) എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് ചികിത്സ തേടിയത്. യുവാവിന്‍റെ ബീജത്തിൽ ബീജകോശങ്ങളുടെ അഭാവം (azoospermia) ഉള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. യുവാവിന്‍റെ രണ്ട് വൃഷണങ്ങളും താഴേക്ക് ഇറങ്ങാത്ത നിലയിലായിരുന്നു (undescended testes). ഇതിന്റെ യഥാർഥ കാരണം കണ്ടെത്താനാണ് ഡോക്ടർമാർ കൂടുതൽ സ്കാനിങുകളും പരിശോധനകളും നടത്തിയത്. തുടര്‍ന്ന് നടത്തിയ എം.ആർ.ഐ സ്കാനിങിലും ജനിതക പരിശോധനയിലുമാണ് വയറിനുള്ളിൽ വളർച്ചയെത്താത്ത ചെറിയ ഗർഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകൾക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.
വയറിനുള്ളിൽ കാലങ്ങളായി കിടന്നതിനാൽ വൃഷണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. മാത്രമല്ല ഗർഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. നീക്കം ചെയ്ത കോശങ്ങൾ പരിശോധിച്ചപ്പോൾ യുവാവിന്റെ ഒരു വൃഷണത്തിൽ കാൻസറായി മാറാൻ സാധ്യതയുള്ള അസാധാരണ കോശവളർച്ച കണ്ടെത്തുകയും ചെയ്തു. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാൽ കാൻസറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഗർഭാവസ്ഥയിൽ ആൺഭ്രൂണം വളരുമ്പോൾ സ്ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയൻ നാളികൾ (Müllerian ducts) സ്വാഭാവികമായി നശിച്ചുപോകേണ്ടതാണ്. എന്നാൽ അപൂർവ്വമായി ചിലരിൽ ഈ നാളികൾ നശിക്കാതെ ശേഷിക്കുകയും, പുരുഷനായി വളരുമ്പോഴും ശരീരത്തിനുള്ളിൽ ഗർഭപാത്രവും ട്യൂബുകളും രൂപപ്പെടുകയും ചെയ്യുന്നു. ലോകത്ത് ഇതുവരെ 300ൽ താഴെ ആളുകളിൽ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി ബാല്യകാലത്താണ് ഇത് കണ്ടെത്താറുള്ളത്. മുതിർന്ന ശേഷം വന്ധ്യതാ പരിശോധനയ്ക്കിടെ ഇവ കണ്ടെത്തുന്നത് വളരെ അപൂർവമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
