ചോക്ലേറ്റ് നൽകി കുട്ടിയെ തട്ടിക്കൊണ്ടുപോയി; നീണ്ട അന്വേഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ

News Desk
1 Min Read

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽനിന്നും രണ്ടര വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ. ശനിയാഴ്ച രാവിലെയാണ് അമ്മയ്ക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രിയിൽനിന്നും കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് സ്ത്രീ കടത്തിക്കൊണ്ടു പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ  കുട്ടിയെ കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സെപ്റ്റംബർ 5 ന് രാവിലെ 10.30 ഓടെ മൂത്ത സഹോദരനൊപ്പം രണ്ടരവയസ്സുകാരൻ ആശുപത്രിയുടെ ഇടനാഴിയിൽ നിന്നപ്പോഴാണ് അജ്ഞാതയായ യുവതി എത്തിയത്. തുടർന്ന് കുട്ടിയെ ചോക്ലേറ്റ് നൽകി പ്രലോഭിപ്പിക്കുകയും ഒപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. മൂത്ത സഹോദരൻ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുടുംബം അന്വേഷണം നടത്തിയപ്പോഴേക്കുംസ്ത്രീ കുഞ്ഞിനൊപ്പം ആശുപത്രി വിട്ടിരുന്നു.

ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ നഗരത്തിലെ പൊലീസ് സംഘം ഒന്നടങ്കം കുട്ടിയെ തിരയാൻ ആരംഭിച്ചു. എന്നാൽ രാത്രിയായിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ വിവിധ സംസ്ഥാനങ്ങളിലേക്കും വിവരം കൈമാറി.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഗറെഡ്ഡി ജില്ലയിലെ ദൗലത്താബാദിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവിടെയുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒപ്പം തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന ദമ്പതികളെയും അറസ്റ്റ് ചെയ്തു. സംഗറെഡ്ഡി ജില്ലയിലെ നിസാമാപേട്ടിൽ താമസിക്കുന്ന സുജാത, യല്ലം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ഞായറാഴ്ച വൈകുന്നേരം സുരക്ഷിതമായി കുടുംബത്തിനു കൈമാറി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!