ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ 11 വിദ്യാർഥിനികൾ ഒന്നിച്ച് ലൈംഗിക അതിക്രമത്തിനെതിരെ പരാതി നൽകിയ സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി സമർപ്പിച്ചതെന്ന് സർവകലാശാല വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെയാണ് പ്രഫസർ വിദ്യാർഥിനികളോട് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്. തന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങുകയാണെങ്കിൽ പെൺകുട്ടികൾക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാം എന്ന് ഇയാൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. മേയ് രണ്ടാം വാരത്തോടെ ഇരയായ വിദ്യാർഥിനികളിൽ ഒരാൾ തനിക്കുണ്ടായ ദുരനുഭവം സഹപാഠികളുടെ അനൗദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ മറ്റ് 10 വിദ്യാർഥിനികൾ കൂടി തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വന്നതും ഒന്നിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലിനു പരാതി നൽകിയതും. സമിതി ഇതിനകം വിദ്യാർഥിനികളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
