ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ്
ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി പൊലീസ്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഇക്കോടെക് 3 പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസിയായ 32കാരനാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വീടിനുപുറത്ത് കളിക്കുകയായിരുന്നു ഒന്നാംക്ലാസുകാരി. ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ ക്രൂരമായി പീഡിപ്പിച്ച ശേഷം കത്തികൊണ്ടു കുത്തിയും ശ്വാസംമുട്ടിച്ചും കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒരു ചാക്കിലാക്കി കുളത്തിനു സമീപത്തെ പൊന്തക്കാട്ടില്‍ തള്ളുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മയും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവിൽ പൊലീസിനെ വിവരമറിയിച്ചു, തുടര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതും പിന്നീട് ചാക്കുമേന്തി പുറത്തേക്ക് വരുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സമീപവാസികള്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മൃതദേഹം തള്ളിയ സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനായി ശനിയാഴ്ച പ്രതിയെ ഡി പാർക്ക് പൊലീസ് പോസ്റ്റിന് സമീപമുള്ള മേഖലയിൽ എത്തിച്ചു. എന്നാല്‍ ആ ഭാഗത്ത് ഒളിപ്പിച്ചുവച്ചിരുന്ന തോക്കെടുത്ത് പ്രതി പൊലീസിനു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തിൽ ഒരു ഹെഡ് കോൺസ്റ്റബിളിന് പരുക്കേറ്റു.
തുടർന്ന് പൊലീസ് നടത്തിയ ആത്മരക്ഷാർത്ഥമുള്ള തിരിച്ചടിയിലാണ് പ്രതിക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഈ മേഖലയില്‍ ക്രമസമാധാന നില ഉറപ്പാക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
