ബെംഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിൽ നിർത്തി സോഷ്യൽ മീഡിയ. വനിതകൾക്ക് വേണ്ടി വാദിക്കുന്നയാൾ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം. 21 മന്ത്രിമാരുള്ള കേരളത്തിൽ രണ്ട് വനിതകൾ മന്ത്രിയായിരിക്കെ, 34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ നിലവിൽ ഒരു വനിത പോലുമില്ല.
ബിജെപി സോഷ്യൽ മീഡിയ ഹാൻഡിലുകളും രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തി. സ്ത്രീശാക്തീകരണത്തിന്റെ വക്താവെന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധിയുടെ കർണാടക മോഡൽ ഇതാണോയെന്നും വനിതകൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചാൽ മാത്രം മതിയോയെന്നും അധികാരത്തിന്റെ പങ്കാളിത്തത്തിലും സ്ത്രീകൾക്ക് തുല്യ ഇടം ഉറപ്പാക്കേണ്ടതില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലും തെലങ്കാനയിലും മന്ത്രിസഭയിൽ വനിതാ പങ്കാളിത്തമുണ്ട്. എന്നാൽ കർണാടകത്തിലും ഹിമാചലിലും വനിതാ പ്രാതിനിധ്യമില്ല. കേരളത്തിൽ ആകെ 21ഉം തെലങ്കാനയിൽ 16ഉം മന്ത്രിമാരാണ് കോൺഗ്രസ് സഖ്യത്തിനുള്ളത്. ഹിമാചലിൽ 11 മന്ത്രിമാരുമുണ്ട്. എന്നാൽ കർണാടകയിൽ 34 മന്ത്രിമാർക്ക് ഇടമുണ്ടായിട്ടും ഒരു വനിതയ്ക്ക് പോലും സ്ഥാനം നൽകാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ സിദ്ധരാമയ്യ സർക്കാരിൽ ലക്ഷ്മി ഹെബ്ബാൾകർ മന്ത്രിസഭയിലുണ്ടായിരുന്നു. അഴിച്ചുപണിക്ക് ശേഷം ഇവരെ ഒഴിവാക്കി. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ആദ്യ പട്ടിക വന്നപ്പോൾ ഗായത്രി ശാന്തെഗൗഡ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു.
ഈ മാസം ചേർന്ന നിയമസഭാ സമ്മേളനം കർണാടക നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ മന്ത്രി ഇല്ലാത്ത സമ്മേളനം എന്ന നാണക്കേടും സർക്കാരിന് സമ്മാനിച്ചു. പാർലമെന്റിലെ വനിതാ സംവരണത്തെച്ചൊല്ലി ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും, സ്വന്തം പാർട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ സ്ത്രീകൾക്ക് എത്രമാത്രം രാഷ്ട്രീയ ഇടം നൽകുന്നു എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി നിൽക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
