പ്രളയ ദുരന്തത്തിനിടയിലും വൻ കവർച്ച; ഒഴുക്കിൽപ്പെട്ട ബാങ്ക് ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു

News Desk
1 Min Read

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍കവര്‍ച്ച. ഒഴുക്കില്‍പ്പെട്ട ബാങ്ക് ലോക്കര്‍ തകര്‍ത്താണ് ലക്ഷങ്ങള്‍ കവര്‍ന്നത്. റസുവ ജില്ലയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ശക്തമായ വെള്ളപ്പൊക്കത്തിലാണ് ഭോട്ടെകോശി മേഖലയിലുണ്ടായ ബാങ്കിന്‍റെ ലോക്കര്‍ ഒലിച്ചുപോയത്. പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഈ ലോക്കര്‍ ധാഡിങ് ജില്ലയിലെ ഗല്‍ച്ചി റൂറല്‍ മുനിസിപ്പാലിറ്റിക്ക് സമീപത്തെ ത്രിഷൂലി നദീത്തീരത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ അപ്പോഴേക്കും ആരോ ലോക്കര്‍ തുറന്ന് പണമെല്ലാം കൈക്കലാക്കിയിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രാഥമിക അന്വേഷണത്തില്‍ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരില്‍ നിന്ന് 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) പിടിച്ചെടുക്കുകയും ചെയ്തു. 

പൊലീസ് നല്‍കിയ വിവരമനുസരിച്ച് കസ്റ്റഡിയിലുള്ളവരിൽ ഭൂരിഭാഗം പേരും ഗാൽച്ചി-4 ലെ മാസ്റ്റാർ നിവാസികളാണ്. ചിലർ ഗാൽച്ചി-6 ലെ ആദംഘട്ടിൽ നിന്നും സിദ്ധാലേഖ്-7 ലെ ആദംതാറിൽ നിന്നുമുള്ളവരാണ്. മറ്റു ചിലർ യഥാർത്ഥത്തിൽ ചിറ്റ്‌വാൻ, പാർസ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെങ്കിലും നിലവിൽ ധാഡിങിലാണ് താമസിക്കുന്നത്. 19-49 നും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളവർ.

‌‌‌കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, നേപ്പാളിൽ പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു മോഷണക്കേസ് കൂടി പുറത്തുവന്നിരുന്നു. പ്രളയജലത്തിൽപ്പെട്ട് നാരായണി നദിയിലേക്ക് ഒഴുകിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ ഊരിയെടുത്തെന്നാരോപിച്ച് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രളയത്തിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് രണ്ട് പേർ സ്വർണ കമ്മലുകൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!