തുർക്കിയും ഇസ്റാഈലും നേർക്കുനേർ; സിറിയ പുതിയ പോർക്കളം

News Desk
1 Min Read

പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സന്തുലിതാവസ്ഥ തകരുന്ന ഘട്ടമാണിത്. ഇറാനെതിരെ ഇസ്രയേൽ തുടങ്ങിവെച്ച, അമേരിക്ക തുടർന്നു കൊണ്ടുപോകുന്ന യുദ്ധം ആഗോളക്രമത്തിൽ ഉണ്ടാക്കിയ സമ്മർദ്ദം സമാനതകളില്ലാത്തതാണ്.

ഇതിനിടെയാണ് പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമേഖലകൂടി തുറക്കപ്പെടുമെന്ന സംശയമുയരുന്നത്. സിറിയ ആയിരിക്കും ഈ പുതിയ യുദ്ധമേഖല എന്നാണ് ഇപ്പോൾ വരുന്ന വിലയിരുത്തലുകൾ. സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണമാണ് ഇക്കാര്യത്തിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 18-ന് സിറിയൻ അതിർത്തിക്കടുത്തുള്ള അബു അൽ ദുഹൂർ വ്യോമതാവളത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയ്ക്ക് തുർക്കി കൈമാറാനിരുന്ന ആധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും ആർമർഡ് പേഴ്‌സണൽ കാരിയറുകളും തകർക്കപ്പെട്ടു.

സിറിയയിൽ തുർക്കിയുടെ സൈനിക സാന്നിധ്യമോ ആയുധങ്ങളോ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇസ്രയേൽ നൽകിയിരിക്കുന്നത്. വിഷയത്തിൽ പരസ്യമായ കടുത്ത പ്രതികരണത്തിലേക്ക് പോകാൻ തുർക്കി ഇതുവരെ തയ്യാറായിട്ടില്ല. സംഘർഷം ഒരു യുദ്ധത്തിലേക്ക് പോകുന്നത് തടയാൻ അസർബൈജാൻ വഴി രഹസ്യ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, തുർക്കിയുടെയും ഇസ്രയേലിന്റെയും സിറിയയിലെ താത്പര്യങ്ങൾ ഏതുസമയത്തും സായുധ സംഘർഷത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. യുക്രൈൻ, ഇറാൻ എന്നീ യുദ്ധങ്ങൾക്ക് പുറമെ സിറിയയിൽ കൂടി മറ്റൊരു പോരാട്ടം തുടങ്ങുന്നത് ആഗോളക്രമത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം എത്രത്തോളമെന്ന് വിലയിരുത്താൻ സാധിക്കില്ല. ഒരു പക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇത് മാറിയേക്കാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!