ചെന്നൈ: ചെന്നൈ-ന്യൂഡൽഹി തമിഴ്നാട് എക്സ്പ്രസ് ട്രെയിനിൽ ട്രോളി ബാഗിൽ അഴുകിയ നിലയിൽ കണ്ടെത്തിയ 38കാരിയായ യുവതിയുടെ ശരീരഭാഗങ്ങൾ എന്ന് സംശയിക്കുന്ന കൂടുതൽ അവശിഷ്ടങ്ങൾ ചെന്നൈ ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽ നിന്ന് വെള്ളിയാഴ്ച കണ്ടെടുത്തു.
ഗുഡുവാഞ്ചേരിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയും ചെയ്തിരുന്ന ഹയാത്തുൻനിസ്സയാണ് മരിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന അസം സ്വദേശി മാണിക് ഉദ്ധൻ ലസ്കർ, ഒഡീഷ സ്വദേശിനിയായ അദ്ദേഹത്തിന്റെ പങ്കാളി ഭഗ്മതി മാജിക് എന്നിവർക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ബിരിയാണി ചെമ്പിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ഇവർ ട്രോളി ബാഗുമായി ട്രെയിനിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഈ മാസം 5-ാം തീയതി ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നിന്ന് അഴുകിയ മനുഷ്യശരീര അവശിഷ്ടങ്ങൾ അടങ്ങിയ ചുവന്ന ട്രോളി ബാഗ് കണ്ടെടുത്തതോടെയാണ് സംഭവം പുറത്തുവന്നത്. ആരും ശ്രദ്ധിക്കാതെ കിടന്ന ബാഗിൽ നിന്ന് ദുർഗന്ധവും ദ്രാവകം ചോരുന്നതും കണ്ട ഒരു യാത്രക്കാരനാണ് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു സ്ത്രീയും പുരുഷനും ചേർന്ന് ചുവന്ന ട്രോളി ബാഗ് തമിഴ്നാട് എക്സ്പ്രസിൽ കയറ്റുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഇരുവരെയും കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഒടുവിൽ ഗുഡുവാഞ്ചേരി മോസ്ക് തെരുവിലെ വാടകവീട്ടിൽ എത്തിച്ചേരുകയായിരുന്നു.
അവിടെ നടത്തിയ പരിശോധനയിലാണ് ബിരിയാണി ചെമ്പിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ബിരിയാണി ചെമ്പിൽ മൈദ, പച്ചക്കറി എന്നിവയ്ക്ക് അടിയിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. സ്ത്രീയുടെ തലഭാഗം കാണാനില്ലെന്നും അതു മറ്റൊരിടത്ത് ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഈ ദമ്പതികൾക്കൊപ്പമാണ് നിസ്സയും താമസിച്ചിരുന്നത്. ലസ്കറുമായി നിസ്സ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഈ ബന്ധത്തെ നിസ്സയുടെ മകൻ എതിർത്തിരുന്നു. മാതാവുമായി വഴക്കിട്ടതിനെ തുടർന്ന് എസി മെക്കാനിക്കായ മകൻ വേറെയാണ് താമസിച്ചിരുന്നത്. നിസ്സയെ കാണാനില്ലെന്ന് കാട്ടി പിന്നീട് മകൻ പൊലീസിനെ സമീപിക്കുകയും തുടർന്ന് ഗുഡുവാഞ്ചേരി പൊലീസ് തിരോധാനത്തിന് കേസെടുക്കുകയും ചെയ്തു.
കൊലപാതകത്തിന് കേസെടുക്കുകയും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ശരീരഭാഗങ്ങൾ പാകം ചെയ്യാനോ ബിരിയാണി ഉണ്ടാക്കാനോ പ്രതികൾ ശ്രമിച്ചതായി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൊലീസ് നിഷേധിച്ചു. കണ്ടെടുത്ത അവശിഷ്ടങ്ങൾ നിസ്സയുടേതാണോ എന്നും ആഗ്രയിൽ നിന്ന് ലഭിച്ചവയുമായി അവ ഒത്തുപോകുന്നുണ്ടോ എന്നും സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
