കോട്ടയം: ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും.
സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളാൻ കാരണമെന്ന് ദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു. ആറു സിനിമകളിൽ നായകനും വില്ലനും ആയി അഭിനയിച്ച തങ്ങൾ തമ്മിൽ വ്യക്തിപരമായി നല്ല അടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിൽ ടിവികെ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള രണ്ട് നേതാക്കൾ അദ്ദേഹത്തെ കാണനെത്തി. നടി പ്രിയങ്കയ്ക്കൊപ്പമാണ് ഇരുവരും എത്തിയത്. കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടു. ഇതിനുശേഷം ചെന്നൈയിലെ ചില ഉന്നത നേതാക്കൾ ഗൂഗിൾ മീറ്റ് വഴിയും ദേവനുമായി സംസാരിച്ചു. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് വാഗ്ദാനം. വിജയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ദേവൻ അറിയിക്കുകയായിരുന്നു. കേരളത്തിലെ സഖ്യ സാധ്യതയടക്കം ചർച്ചയായി.
ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി ഘടകങ്ങൾ രൂപീകരിക്കാൻ ടിവികെ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ ചിലരുമായി ടിവികെ ഒരു മാസമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് ദേവൻ ബിജെപി വിട്ടത്. ഇതോടെ ടിവികെ നേതാക്കൾ ദേവനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഫോണെടുത്തിരുന്നില്ല. തുടർന്ന് നടി പ്രിയങ്കയെ ബന്ധപ്പെട്ട് ദേവനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശ്രമം നടത്തുകയായിരുന്നു.
മൂന്നു മാസം മുന്നേ ടിവികെയിൽ ചേരാനുള്ള താൽപര്യം അറിയിച്ച് പ്രിയങ്ക പാർട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. ദേവൻ ബിജെപിയിലുള്ള സമയത്തും അദ്ദേഹത്തെ കൂടെക്കൂട്ടാൻ പദ്ധതിയുണ്ടായിരുന്നുവെന്നും എന്നാൽ മറ്റൊരു പാർട്ടിയിൽ ആയതിനാലാണ് ചർച്ച നടത്താതെന്നുമാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്. ടിവികെ പ്രവേശനും മുൻകുട്ടി കണ്ടല്ല രാജി പ്രഖ്യാപിച്ചതെന്ന് ദേവനും പറഞ്ഞു.
അതേസമയം, സുരേഷ് ഗോപി നടത്തിയ മധ്യസ്ഥ ചർച്ചകൾ വകവയ്ക്കാതെ ദേവൻ ബിജെപിയിൽ നിന്ന് രാജിവച്ചു. വെള്ളിയാഴ്ചയാണ് റജിസ്ട്രേഡ് ആയി രാജിക്കത്ത് മാരാർജി ഭവനിലേക്ക് അയച്ചത്. കഴിഞ്ഞ ഞായാറാഴ്ച രാജി പ്രഖ്യാപനം നടത്തിയിട്ടും രാജിക്കത്ത് അദ്ദേഹം കൈമാറിയിരുന്നില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
