ഇറാനുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവെച്ച് യുഎഇ; എണ്ണ വില 91 ഡോളര്‍ പിന്നിട്ടു

News Desk
2 Min Read

തെഹ്‌റാന്‍: ഇറാനുമായുള്ള സാമ്പത്തിക വ്യാപാര ഇടപാടുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചെന്ന് വ്യക്തമാക്കി യുഎഇ. ഗള്‍ഫിലേക്ക് ഇറാന്‍ ആക്രമണം നടന്നതോടെയാണ് നടപടി. എന്നാല്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുമെന്നും ഇറാന്‍ പറഞ്ഞു.

യുഎഇയ്ക്ക് നേരെ ഇറാന്‍ രണ്ട് മിസൈലുകള്‍ അയച്ചതായും അവ കടലില്‍ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. അതേസമയം ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നെന്ന് പുറത്തുവന്ന വിവരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു. ചര്‍ച്ചയ്ക്കായി അമേരിക്ക യാചിക്കുകയാണെന്നാണ് ഇറാന്‍ അവകാശപ്പെട്ടിരിക്കുന്നത്. യുഎസ് നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയില്‍ തുടരുന്നതായി ട്രംപ് അറിയിച്ചു. ഹോര്‍മൂസ് വഴിയുള്ള കപ്പല്‍ നീക്കത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില 91 ഡോളര്‍ കടന്നു. മൂന്ന് ആഴ്ചക്കിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഇതോടെ എണ്ണവില എത്തി.

ഹോര്‍മൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്ന പുതിയ മാപ്പിന്റെ ചിത്രം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പങ്കുവെച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ പുതിയ നീക്കം. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഭൂപടം പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് സമാനമായ പ്രസ്താവനകള്‍ പലതവണ നടത്തിയിരുന്നു. ഹോര്‍മൂസ് കടലിടുക്ക് അമേരിക്കയുടെ ഭൂപ്രദേശമാണെന്ന പ്രസ്താവനയാണ് ട്രംപ് ആവര്‍ത്തിച്ചിരുന്നത്.

വെള്ളിയാഴ്ച ലോംഗ് ഐലന്‍ഡില്‍ പൊലീസ് ഉദ്യോഗസ്ഥരോട് നടത്തിയ പ്രസംഗത്തിലും തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രസ്താവനകളിലും ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഇത്തരം നിലപാടുകളെ പരിഹസിച്ച് ഇറാന്‍ രംഗത്ത് വന്നിരുന്നു. ട്രംപ് മതിഭ്രമം ബാധിച്ച മനുഷ്യനാണെന്നും മിഥ്യാബോധത്തോടെയാണ് പെരുമാറുന്നതെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്നും ഇറാന്‍ നോരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകളില്‍ യുഎസ് മുന്നോട്ട് വെക്കുന്ന ഇളവുകള്‍ പിന്‍വലിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇറാനിയന്‍ തുറമുഖങ്ങളുടെ നിലവിലുള്ള ഉപരോധം പിന്‍വലിക്കുക, എണ്ണ ഉപരോധങ്ങള്‍ നീക്കുക, മരവിപ്പിച്ച സ്വത്ത് തിരികെ നല്‍കുക എന്നീ ആവശ്യങ്ങളും ഇറാന്‍ മുന്നോട്ട് വെച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മൂസ് അടച്ചിടുമെന്ന് ഇറാനിയന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article