സഊദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് മലയാളികളുടെ മരണങ്ങൾ; മരണകാരണം ഹൃദയാഘാതം

malayalampress
2 Min Read

റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. മൂവരുടെയും മരണ കാരണം ഹൃദയാഘാതമാണ്. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്. ഒരേ ദിവസം തന്നെ മൂന്ന് മലയാളികളുടെ മരണങ്ങൾ പ്രവാസ ലോകത്തെ നൊമ്പരത്തിലാക്കി, മൂവരുടെയും മരണകാരണങ്ങൾ ഹൃദയാഘാതം ആണെന്നതും ഏറെ ഞെട്ടിക്കുന്നതാണ്.

പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ്

റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ്. സ്പോൺസർ പ്രസാദിനെ താമസസ്ഥലത്ത് അബോധവസ്ഥയിൽ കാണുകയും തുടർന്ന് റെഡ് ക്രസന്റ് അധികൃതരും, പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ശുമൈസി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണവിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ അനിരുദ്ധ് റിയാദിൽ എത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു, മറ്റു മകൻ: അർജുൻ.

വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ 

വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാനും റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് താമസ സ്ഥലത്ത് വെച്ച് സ്പോൺസർ ഷജഹാനെ അത്യാസന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനടി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെ ഇന്നലെ രാത്രി മരണപെടുകയായിരുന്നു. മാതാപിതാക്കൾ: പരേതനായ ഹബീബ്, സുഹ്റ. ഭാര്യ: റിൻഷ, ഫാത്തിമ നദ ഏക മകളാണ്. മയ്യത് നാട്ടിൽ കൊണ്ട് പോകാനാണ് തീരുമാനം.

എടക്കര വഴിക്കടവ് റസാഖ് ദേവർതൊടിക

എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. റിയാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടും റൂമിൽ എത്താതിനെ തുടർന്ന് സ്ഥാപനത്തിലേക്ക് അന്വേഷിച്ച് ചെന്നപ്പോൾ അബോധാവസ്ഥയിൽ കാണുകയായിരുന്നു. സംഭവം അറിയിച്ചതിനെ തുടർന്ന് റെഡ്ക്രസന്റ് അധികൃതരും, പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ശുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മാതാപിതാക്കൾ: കുഞ്ഞാലൻ(പരേതൻ), കുഞ്ഞിപ്പാത്തു, ഭാര്യ: റൈഹാനത്ത്, മക്കൾ: മിദ്ലാജ്ജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article