എയര്‍ ഇന്ത്യയിലെ നിർബന്ധിത ലഹരി പരിശോധന; രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ്

News Desk
1 Min Read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ് ഫലം സ്ഥിരീകരിച്ചു. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെയാണ് ലഹരി പരിശോധന നിര്‍ബന്ധമാക്കിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പൈലറ്റുമാര്‍ക്ക് പോസിറ്റീവ് ഫലം സ്ഥിരീകരിച്ചത്. മൂത്ര സാംപിള്‍ പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. രണ്ട് പേരെയും ചുമതലകളില്‍നിന്ന് അടിയന്തരമായി നീക്കി.

കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദീകരണം തേടുകയും സര്‍വിസ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ലഹരിമരുന്ന് ഉപയോഗിക്കുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുംവിധം നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനും ഡി ജി സി എയോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ഈ മാസം അഞ്ചിനാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിക്കൊണ്ട് എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശച്ചുഴിയിലേക്ക് പതിച്ചത്. തായ്ലന്റിലെ ഫൂക്കറ്റില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനം ഒഡീഷക്ക് മുകളിലൂടെ പറക്കുന്നതിനിടയില്‍ അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയില്‍ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 24 പേര്‍ക്ക് പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റും ലഹരി പരിശോധനക്ക് വിധേയരായി. ക്യാപ്റ്റന്റെ ലഹരി പരിശോധനയില്‍ നിരോധിത ലഹരി വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article