കണ്ണമൂല വിഷ്ണു വധക്കേസ്: ഏഴു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

News Desk
1 Min Read

നെടുമങ്ങാട്: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നുമുതൽ ഏഴു വരെയുള്ള പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമെ, വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

കേസിൽ പ്രതികളായ ഓരോരുത്തരും 1,75,000 രൂപ വീതം പിഴയൊടുക്കണം. ഈ പിഴത്തുകയിൽ നിന്നും കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് (രണ്ടാം സാക്ഷി) അഞ്ച് ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചു. കേസിലെ ഒന്നാം സാക്ഷിക്കും മൂന്നാം സാക്ഷിക്കും (വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിക്കും) 3 ലക്ഷം രൂപ വീതം നൽകാനും വിധിയായി. കൂടാതെ, ഒന്ന് മുതൽ മൂന്ന് വരെയുള്ള സാക്ഷികൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2016 ഒക്ടോബറിലാണ് തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കണ്ണമൂലയിൽവെച്ച് വിഷ്ണുവിന്റെ മാതാപിതാക്കളും നാട്ടുകാരും നോക്കിനിൽക്കെ പന്ത്രണ്ടോളം വരുന്ന അക്രമിസംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം പേട്ട പോലീസ് അന്വേഷിച്ച കേസ് പിന്നീട് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആദ്യ ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article