തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമീഷന് ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജനെ ഡല്‍ഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും തീരുമാനിച്ചു. ഇരുവർക്കും കാബിനറ്റ് പദവിയുണ്ടാകും. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റേത് അടക്കമുള്ള കാബിനറ്റ് പദവിയുള്ള സ്ഥാനം പിന്നീട് തീരുമാനിക്കും.
ഭരണപരിഷ്കാര കമീഷന് ചെയര്മാന് സ്ഥാനം വേണമെന്ന് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് ഏകോപന സമിതിയിലും പദവി മുനീറിനു നല്കാന് ധാരണയായിരുന്നു. ഭരണപരിഷ്കാര കമീഷന് ചെയര്മാന് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി.എം. സുധീരന്, കേരള കോണ്‍ഗ്രസിലെ പി.ജെ ജോസഫ് എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. താനില്ലെന്ന് സുധീരന് അറിയിച്ചു. പി.ജെ. ജോസഫിന് മറ്റൊരു കാബിനറ്റ് പദവി നല്‍കാമെന്നായിരുന്നു ധാരണ.
മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ, വയോജന വകുപ്പുമായി ബന്ധപ്പെട്ട പദവി തുടങ്ങിയവയാണ് പരിഗണിച്ചിരുന്നത്. എന്നാൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദവിയിലാണ് പി.ജെ. ജോസഫ് താൽപര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന. പാർട്ടിയുടെ മന്ത്രി മോൻസ് ജോസഫ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഭരണപരിഷ്കാര കമീഷന് അധ്യക്ഷന്‍. രണ്ടാം പിണറായി സർക്കാർ കാലത്ത് ഈ പദവിയിൽ ആളെ നിയമിച്ചില്ല. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കോണ്‍ഗ്രസ് വിട്ട പ്രഫ. കെ.വി. തോമസിനെ കഴിഞ്ഞ സർക്കാർ നിയമിച്ചിരുന്നു. പൊലീസ് വകുപ്പിന് വാഹനങ്ങൾ വാങ്ങാൻ 45 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
