മംഗലൂരു: സംഘപരിവാര്‍ സംഘടകളെ തീവ്രവാദ പ്രസ്ഥാനങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രയങ്ക് ഖാര്‍ഗെക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും കത്തയച്ച് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ആര്‍എസ്എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജറംഗ് ദള്‍ ആടക്കമുള്ള സംഘടനകള്‍ക്കെതിരെയാണ് മുന്‍ ആര്‍എസ്എസ് പ്രചാരക് ആയ യശ്വന്ത് സഹദേവ് ഷിന്‍ഡെ കത്ത് അയച്ചതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2000കളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്‍ഡെ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഷിന്‍ഡെ തന്റെ കത്തില്‍ ആവശ്യപ്പെടുന്നു. 2000കളിലുണ്ടായ തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങളില്‍ ഹിന്ദു തീവ്രവലതുപക്ഷത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ഷിന്‍ഡെ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമാണ് അദ്ദേഹം ഈ കത്ത് ആയച്ചിരിക്കുന്നത് എന്നാണ് വിവരം. കോടതികളും അന്വേഷണ ഏജന്‍സികളും പരിശോധിച്ച ഈ കേസുകളിൽ ഒടുവില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു.
1990 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ഷിന്‍ഡെ, ‘ബോംബ് നിര്‍മ്മാണ പരിശീലന സംഘ’ത്തില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു സംഘടനയില്‍ നിന്ന് പിന്മാറിയത്. രാജ്യത്തുടനീളം തുടര്‍ച്ചയായ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ആര്‍എസ്എസ്, വിഎച്ച്പി അംഗങ്ങള്‍ (നിലവില്‍ വിഎച്ച്പി ജനറല്‍ സെക്രട്ടറിയായ പരന്‍ഡെ ഉള്‍പ്പെടെ) ആസൂത്രണം ചെയ്ത യോഗങ്ങളില്‍ താന്‍ പങ്കെടുത്തിരുന്നതായി മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2022 ആഗസ്റ്റില്‍ ഷിന്‍ഡെ വെളിപ്പെടുത്തിയിരുന്നു. 2003ല്‍ പാരന്‍ഡെയുടെ മേല്‍നോട്ടത്തില്‍, മറ്റ് ഇരുപതോളം പേര്‍ക്കൊപ്പം ബോംബ് നിര്‍മ്മാണത്തില്‍ തനിക്ക് പരിശീലനം ലഭിച്ചിരുന്നതായും ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
2006 ഏപ്രിലില്‍ നടന്ന നാന്ദേഡ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്ന് നടന്നുകൊണ്ടിരുന്ന വിചാരണയുടെ ഭാഗമായാണ് ഈ സത്യവാങ്മൂലം അദ്ദേഹം സമര്‍പ്പിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന ലക്ഷ്മണ്‍ രാജ്കൊണ്ട്വാറിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ മകന്‍ നരേഷും, വിഎച്ച്പി പ്രവര്‍ത്തകനെന്ന് പറയപ്പെടുന്ന ഹിമാന്‍ഷു പാന്‍സെ എന്ന മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു. ഔറംഗാബാദിലെ ഒരു പള്ളി ലക്ഷ്യമിട്ട് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്‌ഫോടനത്തിന്റെ ഭാഗമായുള്ള ബോംബ് നിര്‍മ്മാണ പ്രവര്‍ത്തനമായിരുന്നു ഇതെന്നാണ് സിബിഐ വ്യക്തമാക്കിയിരുന്നത്. ഈ കേസില്‍ സാക്ഷിയാകാന്‍ ഷിന്‍ഡെ ആവശ്യപ്പെട്ടു. തുടക്കത്തില്‍, അന്നത്തെ വിചാരണക്കോടതി ജഡ്ജിയായിരുന്ന എ ആര്‍ ധമേച്ച അദ്ദേഹത്തിന്റെ സത്യവാങ്മൂലം പരിഗണിച്ചിരുന്നുവെങ്കിലും, അടുത്ത വാദം കേള്‍ക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് പെട്ടെന്ന് സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ചുമതലയേറ്റ ജഡ്ജി ഷിന്‍ഡെയുടെ അപേക്ഷ തള്ളുകയും ചെയ്തു. 2025 ജനുവരി 4-ന് ഈ കേസിലെ ജീവിച്ചിരിക്കുന്ന ഒമ്പത് പ്രതികളെയും നന്ദേഡിലെ വിചാരണക്കോടതി വെറുതെവിട്ടു.
പാകിസ്താനിൽ രഹസ്യ ദൗത്യങ്ങള്‍ക്കും, ‘മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാവുന്ന’ രീതിയില്‍ ഇന്ത്യയില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നതിനുമുള്ള പരിശീലനം തനിക്ക് ലഭിച്ചിരുന്നതായി അക്കാലത്ത് ഷിന്‍ഡെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നതായും ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2003-2004 കാലയളവില്‍ ജല്‍ന, പൂര്‍ണ, പര്‍ഭാനി എന്നിവിടങ്ങളിലെ പള്ളികളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയത് തനിക്കൊപ്പം പരിശീലനം നേടിയവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആരോപണങ്ങളെ സാധൂകരിക്കാന്‍ ശക്തമായ തെളിവുകള്‍ ലഭ്യമാണെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണങ്ങളില്‍ അവകാശപ്പെട്ടിരുന്നെങ്കിലും, നിലവിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് കോടതിയിലെത്തിയ ഈ കേസുകളെല്ലാം പ്രതികളെ വെറുതെവിട്ടുകൊണ്ടാണ് അവസാനിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഷിന്‍ഡേയുടെ ആദ്യ ആരോപണമുണ്ടായി നാല് വര്‍ഷം കഴിഞ്ഞിട്ടും ആര്‍എസ്എസോ വിഎച്ച്പിയൊ അതിന്മേല്‍ പ്രതികരിക്കാനും തയ്യാറായിരുന്നില്ല. നാന്ദേഡ് കോടതി പ്രതികളെ വെറുതെവിട്ടപ്പോള്‍, ആ വിധി കോണ്‍ഗ്രസിനേറ്റ ‘ശക്തമായ പ്രഹരം’ ആണെന്ന് വിഎച്ച്പി വിശേഷിപ്പിച്ചിരുന്നു.
കര്‍ണാടക ആഭ്യന്തര മന്ത്രി പ്രയങ്ക് ഖാര്‍ഗെക്ക് അയച്ച കത്തില്‍, കോടതിയില്‍ താന്‍ നേരത്തെ ഉന്നയിച്ചിരുന്ന വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് ഷിന്‍ഡെ പറയുന്നു. അജ്മീര്‍ ഷെരീഫ് ദര്‍ഗ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ദ്രേഷ് കുമാറിനെതിരെയും, 2008-ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുകയും ഒടുവില്‍ കുറ്റവിമുക്തരാവുകയും ചെയ്ത കേണല്‍ പ്രസാദ് പുരോഹിത്, മുന്‍ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെയും ഷിന്‍ഡെ തന്റെ കത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, 1998-ലെ പൊഖ്റാന്‍ പരീക്ഷണങ്ങള്‍, കാര്‍ഗില്‍ യുദ്ധം, 2002-ലെ ഗുജറാത്ത് കലാപം, 2019-ലെ പുല്‍വാമ ആക്രമണം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടും ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ അദ്ദേഹം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
