വി ഡി സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യം; അധ്യാപകന് സസ്പെന്‍ഷന്‍

News Desk
1 Min Read

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് എയുപി സ്‌കൂള്‍ പള്ളത്തടുക്കയിലെ അധ്യാപകന്‍ ഗുരുപ്രസാദിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉള്‍പ്പെട്ടത്. എല്‍പി വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസില്‍ ‘ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി’ എന്ന ചോദ്യത്തിന് ഉത്തരമായി വി ഡി സവര്‍ക്കറുടെ പേര് നല്‍കിയിരുന്നു. ടൈബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയത്.

മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ചോദ്യം വിവാദമായതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

സവര്‍ക്കറെ മഹത്വവത്കരിക്കുന്നത് ആര്‍എസ്എസ്-ബിജെപി അജണ്ടയുടെ ഭാഗമാണെന്നും ചോദ്യം തയ്യാറാക്കിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടിരുന്നു. വിവാദത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article